ന്യൂഡല്‍ഹി: ടോക്കിയോ ഗെയിംസിനുള്ള ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് സംഘം പരിശീലനം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. മണിക ബാത്ര, മാനിക, ജി സത്യന്‍ സുതീർത്ത മുഖർജി എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഇതിനകം ടോക്കിയോ ഗെയിംസിന് യോഗ്യത നേടിയിരിക്കുന്നത്. ടേബിള്‍ ടെന്നീസ് താരങ്ങള്‍ ഇതിനകം പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ സമ്മത പത്രം നല്‍കി.
ജൂൺ 20 മുതൽ ജൂലൈ അഞ്ച് വരെ നടക്കുന്ന ക്യാമ്പില്‍ 16 പേർ പങ്കെടുക്കും. ഇതിൽ 12 പേര്‍ താരങ്ങളും ശേഷിക്കുന്നവര്‍ സപ്പോര്‍ട്ടിങ് സ്റ്റാഫുമാണ്. ക്യാമ്പിന് മുന്നോടിയായി ഇവരെയെല്ലാം ഈ മാസം 17ന് കൊവിഡ് പരിശോധനക്ക് വിധേയരാക്കും. കൂടാതെ ക്യാമ്പിന്റെ ആദ്യ ദിവസം മുതൽ ആന്‍റിജന്‍ പരിശോധനയും തുടരും.
Also read: യൂറോക്ക് മുമ്പ് സംഗീത വിരുന്ന്; ഒരു മണിക്കൂര്‍ മുമ്പ് കളി കാണാം
നേരത്തെ പൂനയിലും ചെന്നൈയിലും പരിശീലനത്തിന് അവസരം ലഭിച്ചിരുന്നെങ്കിലും കൊവിഡ് കാരണം പരിശീലന പരിപാടി പാതിവഴിയില്‍ മുടങ്ങി. കൂടാതെ 2018 ലെ ഏഷ്യൻ ഗെയിംസിന് ശേഷം ടീമിന് പരിശീലകനെ ലഭിച്ചിട്ടില്ല. മിക്‌സഡ് ഡബിള്‍സില്‍ മാനികയും ശരത്തും ചേര്‍ന്ന സഖ്യം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്.