ചെന്നൈ : ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി (Asian Champions Trophy) നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് (Indian Hockey Team) 1.10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ (TN Govt). ഇന്നലെ (ഓഗസ്റ്റ് 12) നടന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം മലേഷ്യയെ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ പ്രഖ്യാപനം.
താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിശീലകര്‍ ഉള്‍പ്പടെയുള്ള ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് തമിഴ്‌നാടിന്‍റെ സമ്മാനം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും പരിപാടിയില്‍ സന്നിഹിതനായിരുന്നു.
മത്സരത്തിന് മുന്നോടിയായി അനുരാഗ് താക്കൂര്‍ ഗ്രൗണ്ടില്‍ വൃക്ഷത്തൈകള്‍ നട്ടിരുന്നു. അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷനുമായി സഹകരിച്ച് നടത്തുന്ന 'ഗിവ് ബാക്ക് ടു ഫോറസ്റ്റ്' ക്യാമ്പയിനിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്. തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ മലേഷ്യക്കെതിരെ ആവേശകരമായ ജയമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം സ്വന്തമാക്കിയത്. ചെന്നൈ - മേയര്‍ രാധാകൃഷ്‌ണന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3നായിരുന്നു ടീം ഇന്ത്യയുടെ ജയം. മത്സരത്തില്‍ 1-3ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്.
പ്രാഥമിക റൗണ്ടില്‍ മലേഷ്യയെ പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യന്‍ ടീം കലാശപ്പോരിന് ഇറങ്ങിയത്. എന്നാല്‍, തുടക്കം മുതല്‍ തന്നെ ഇന്ത്യയെ വിറപ്പിക്കാന്‍ മലേഷ്യയ്‌ക്ക് സാധിച്ചു. പക്ഷേ മത്സരത്തിന്‍റെ ഒന്‍പതാം മിനിട്ടില്‍ ഗോള്‍ നേടി എതിരാളികളെ ഞെട്ടിക്കാന്‍ ഇന്ത്യയ്‌ക്കായി.
ജുഗ്‌രാജ് സിങ്ങായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ സമനില പിടിക്കാന്‍ മലേഷ്യയ്‌ക്ക് സാധിച്ചു. അബു കമാല്‍ അസാറയുടെ ഗോളിലായിരുന്നു മലേഷ്യ തിരിച്ചടിച്ചത്.
രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയ്‌ക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ മലേഷ്യയ്‌ക്കായി. ഇടവേളയ്‌ക്ക് ശേഷം കളത്തിലിറങ്ങിയതിന് പിന്നാലെ തന്നെ അവര്‍ രണ്ടാം ഗോളും ഇന്ത്യയുടെ വലയിലെത്തിച്ചു. റാസീ റഹീമിന്‍റെ വകയായിരുന്നു ഈ ഗോള്‍.
പിന്നീട്, തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി മലേഷ്യ ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഇതിലൂടെ രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് മുന്‍പ് ലീഡുയര്‍ത്താന്‍ അവര്‍ക്കായി. 28-ാം മിനിട്ടില്‍ അമിനുദ്ദീന്‍ മുഹമ്മദാണ് മലേഷ്യയുടെ മൂന്നാം ഗോള്‍ കണ്ടെത്തിയത്.
തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ മത്സരത്തിന്‍റെ മൂന്നാം ക്വാര്‍ട്ടര്‍ മുതല്‍ തന്നെ ഇന്ത്യ ആരംഭിച്ചിരുന്നു. എന്നാല്‍, ആദ്യം ലഭിച്ച അവസരങ്ങളൊന്നും കൃത്യമായി മുതലെടുക്കാന്‍ ഇന്ത്യയ്‌ക്കായിരുന്നില്ല. മത്സരം നാല്‍പ്പത് മിനിട്ട് പിന്നിട്ട ശേഷമായിരുന്നു ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും പ്രതീക്ഷകളുണ്ടായത്.
Read More : Asian Champions Trophy | 'റോയല്‍ തിരിച്ചുവരവ്'..! കലാശപ്പോരില്‍ മലേഷ്യയെ മലര്‍ത്തിയടിച്ച് ഇന്ത്യ
മൂന്നാം ക്വാര്‍ട്ടര്‍ തീരുന്നതിന് മുന്‍പ് 45-ാം മിനിട്ടില്‍ രണ്ട് ഗോളുകള്‍ അടിച്ച് ഇന്ത്യ മലേഷ്യയ്‌ക്കൊപ്പമെത്തി. ഹര്‍മന്‍പ്രീത് സിങ്, ഗുര്‍ജന്ത് എന്നിവരായിരുന്നു ടീമിന് സമനില സമ്മാനിച്ചത്. ഒടുവില്‍, അവസാന ക്വാര്‍ട്ടറില്‍ ആകാശ് ദീപ് സിങ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിക്കുകയായിരുന്നു.