ദോഹ: ലോകകപ്പിലെ മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം സ്വാഭാവികമാണെന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. അതിനെ അതിജീവിച്ച് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ളവരാണ് ബ്രസീല്‍ താരങ്ങളെന്നും കോച്ച് അഭിപ്രായപ്പെട്ടു. സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കാനറിപ്പടയുടെ പരിശീലകന്‍റെ പ്രതികരണം.
ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ മുന്‍പന്തിയിലാണ് ബ്രസീലുള്ളത്. പക്ഷേ അത് താരങ്ങളില്‍ അമിത സമ്മര്‍ദം ഉണ്ടാക്കുന്നതല്ല. ബ്രസീല്‍ ടീമിന് ഫുട്‌ബോള്‍ കളിയില്‍ വലിയ ചരിത്രമുണ്ട്.
എല്ലാകാലത്തും ഇത്തരം സമ്മര്‍ദങ്ങള്‍ പതിവാണ്. അതിനെയെല്ലാം അതിജീവിക്കാന്‍ താരങ്ങള്‍ക്ക് കഴിയും, ടിറ്റെ പറഞ്ഞു. സെര്‍ബിയക്കെതിരായി കളത്തിലിറക്കുന്ന ടീമിനെ കുറിച്ചോ, ടീമിന്‍റെ തന്ത്രങ്ങളെ കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രസീലിന് മൂന്ന് രീതികളില്‍ കളിക്കാന്‍ അറിയാം. എതിരാളികള്‍ക്ക് അനുസരിച്ച് തങ്ങള്‍ തന്ത്രങ്ങളില്‍ മാറ്റം വരുത്തും. എല്ലാ താരങ്ങളും ഇക്കാര്യങ്ങളില്‍ ബോധവാന്മാരാണെന്നും ടിറ്റെ വ്യക്തമാക്കി.