ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോക എട്ടാം നമ്പർ പുരുഷ ഡബിൾസ് ജോഡി ചിരാഗ് ഷെട്ടി- സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി സഖ്യം തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്‌മിന്‍റണില്‍ നിന്നും പിന്മാറി. 73 വര്‍ഷം പഴക്കമുള്ള ടീം ടൂര്‍ണമെന്‍റായ തോമസ് കപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെയാണ് താരങ്ങളുടെ പിന്മാറ്റം. പരിക്ക് സംബന്ധിച്ച കാരണങ്ങളാലാണ് പിന്മാറുന്നതെന്ന് ഇരുവരും ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
തോമസ് കപ്പിനിടെ ചിരാഗ് ഷെട്ടിക്ക് ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. മെയ് 17 മുതല്‍ക്കാണ് തായ്‌ലന്‍ഡ് ഓപ്പണ്‍ ആരംഭിക്കുക. അതേസമയം തോമസ് കപ്പില്‍ കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഇന്ത്യന്‍ സഖ്യം മികച്ച ഫോമിലാണുള്ളത്. ടൂര്‍ണമെന്‍റിന്‍റെ ക്വാർട്ടറിലും സെമിയിലും നിര്‍ണായകമാവാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നു.
യഥാക്രമം മലേഷ്യയ്ക്കും ഡെന്മാർക്കിനുമെതിരെ ആദ്യ സിംഗിൾസ് മത്സരങ്ങളിലെ തോൽവികൾക്ക് ശേഷം ഇന്ത്യയെ സമനിലയിലേക്ക് നയിച്ചത് ഇരുവരുടേയും പ്രകടനമാണ്. തുടര്‍ന്ന് ഇന്തോനേഷ്യയ്‌ക്കെതിരായ ഫൈനലിലും ചിരാഗ് ഷെട്ടി-സാത്വിക് സായ്‌രാജ് സഖ്യം മിന്നി.
തോമസ് കപ്പിന്‍റെ ഫൈനലില്‍ 14 തവണ ചാമ്പ്യൻമാരായ ഇന്തോനേഷ്യക്കെതിരെ ആദ്യ മൂന്ന് റൗണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കന്നി കിരീടം സ്വന്തമാക്കിയത്. ഡബിള്‍സ് വിഭാഗത്തിന് പുറമെ സിംഗിള്‍സ് വിഭാഗത്തില്‍ ജയിച്ച് കയറിയ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാക്കളായ ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്തും ഇന്ത്യയുടെ വിജയ ശിൽപ്പികളായി.