കൊൽക്കത്ത : 3 വർഷങ്ങൾക്കുശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേഷ് കാർത്തിക്. ഈ ഐപിഎൽ സീസണിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളിൽ തിളക്കമാർന്ന പ്രകടനം നടത്തിയതാണ് താരത്തിന് ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം കിട്ടാന്‍ വഴിയൊരുക്കിയത്.
191.33 സ്ട്രൈക്ക് റേറ്റിൽ 287 റൺസാണ് കാർത്തിക് സീസണിൽ അടിച്ചെടുത്തത്. 2019 ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനെതിരായ തോൽവിക്കുപിന്നാലെയാണ് കാർത്തിക്കിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്‌ടമായത്.
'ഏറെ സന്തോഷമുണ്ട്. വളരെയേറെ സംതൃപ്‌തനാണ്. എന്‍റെ ഏറ്റവും സവിശേഷമായ തിരിച്ചുവരവാണ് ഇത് എന്നാണ് കരുതുന്നത്. കാരണം ഒരുപാടുപേർ എഴുതിത്തള്ളി. അത്തരം ഒരു അവസ്ഥയിൽനിന്ന് തിരിച്ചു വരാനായല്ലോ'– കാർത്തിക് പറഞ്ഞു.
ഫിനിഷറുടെ റോളിൽ തന്നെ ശക്തമായി പിന്തുണച്ചതിന് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം മാനേജ്മെന്‍റിനെയും അദ്ദേഹം പ്രശംസിച്ചു. 'എന്നെ ടീമിൽ എടുത്തതിനും ടീമിലെ നിർണായക ദൗത്യം ഏൽപിച്ചതിനും ഞാൻ ബാംഗ്ലൂരിനോട് കടപ്പെട്ടിരിക്കുന്നു. അവർ എന്നെ വിശ്വാസത്തിലെടുത്തു. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഫ്രാഞ്ചൈസിയായ ബാംഗ്ലൂരിനുവേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്' - അദ്ദേഹം പറഞ്ഞു.