ന്യൂഡല്‍ഹി: കൊവിഡ് 19-നെ തുടർന്ന് കായിക താരങ്ങൾ പരിശീലനം പുനരാരംഭിക്കുമ്പോൾ രോഗം ബാധിച്ചാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്ന് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി). പരിശീലനം പുനരാരംഭിക്കുന്ന കായിക താരങ്ങൾ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണമെന്നും ഇതിനായി സമ്മതപത്രത്തില്‍ ഒപ്പിടണമെന്നും സായി. രാജ്യത്തൊട്ടാകെയുള്ള സ്റ്റേഡിയങ്ങളും കായിക സമുച്ചയങ്ങളും വീണ്ടും തുറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് സായിയുടെ നീക്കം. നേരത്തെ പരിശീലനം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി സായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പുറത്തിറക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് സമ്മതപത്രം ഒപ്പിടണമെന്ന് സായി പറഞ്ഞിരിക്കുന്നത്. ഈ നീക്കത്തിലൂടെ, കായികതാരങ്ങളുടെ ക്ഷേമം പരിപാലിക്കുന്നതിൽ നിന്നും സായി പൂർണ്ണമായും കൈകഴുകുകായാണ്. കൊവിഡ് 19 കാരണം കഴിഞ്ഞ രണ്ട് മാസത്തോളമായി സായിയില്‍ ലോക്ക്‌ഡൗണ്‍ തുടരുകയാണ്.
അതേസമയം സായിയുടെ ഈ നീക്കം പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. സമ്മതപത്രം ഉയർത്തുന്ന ആശങ്ക ഒഴിവാക്കണം. കായിക താരങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ സായി മുന്‍കൈ എടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.