ഫുക്കറ്റ്: തായ്‌ലൻഡ് ഓപ്പൺ ഇന്‍റർനാഷണൽ ബോക്‌സിങ് ടൂർണമെന്‍റിൽ മിന്നുന്ന ഫോം തുടര്‍ന്ന് ഇന്ത്യൻ ബോക്‌സർമാർ. മൂന്ന് വനിതാ ബോക്സർമാർ വെങ്കല മെഡൽ നേടിയതിന് പിന്നാലെ പുരുഷ വിഭാഗത്തിൽ അമിത് പംഗൽ, അനന്ത ചോപ്‌ഡെ, സുമിത് എന്നിവർ ഫൈനലിൽ പ്രവേശിച്ചു. മനീഷ (57 കിലോഗ്രാം), പൂജ (69 കിലോഗ്രാം), ഭാഗ്യബതി കചാരി (75 കിലോഗ്രാം) എന്നിവരാണ് സെമിഫൈനലിൽ തോൽവി പരാജയപ്പെട്ടതിനെ തുടർന്ന് വെങ്കലത്തിലൊതുങ്ങിയത്.
2018 ലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ അമിത് പംഗൽ 52 കിലോഗ്രാം വിഭാഗത്തിൽ വിയറ്റ്നാമിന്‍റെ ട്രാൻ വാൻ താവോയെ മറികടന്നാണ് ഫൈനലിലെത്തിയത്. 54 കിലോഗ്രാം വിഭാഗത്തിൽ വിയറ്റ്‌നാമിൽ നിന്നുള്ള മറ്റൊരു ബോക്‌സർ ബുയി ട്രോങ് തായ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത അനന്ത ചോപ്‌ഡെ 5-0 ന് അനായാസ ജയം സ്വന്തമാക്കി. മറുവശത്ത്, 75 കിലോഗ്രാം വിഭാഗത്തിൽ കസാക്കിസ്ഥാന്‍റെ അയത്തുള്ള തകിഷാനോവിൽ നിന്നും കടുത്ത വെല്ലുവിളിയാണ് സുമിത് നേരിട്ടത്. എങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത സുമിത് 4-1ന് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി.
ALSO READ: തായ്‌ലൻഡ് ഓപ്പൺ : ആശിഷ് കുമാറടക്കം ഇന്ത്യയുടെ നാല് ബോക്‌സര്‍മാര്‍ ഫൈനലില്‍
വനിത വിഭാഗത്തിൽ പൂജയും മനീഷയും ശക്തമായി പൊരുതിയെങ്കിലും ജയം നേടാനായില്ല. പൂജ തായ്‌ലൻഡിന്‍റെ ബെയ്‌സൺ മണിക്കോണിനെതിരെയും മനീഷ 2020ലെ ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് ഇറ്റലിയുടെ ഇർമ ടെസ്റ്റയ്‌ക്കെതിരെയും സമാനമായ മാർജിനിൽ 1-4ന് തോൽവി ഏറ്റുവാങ്ങി. 75 കിലോഗ്രാം വിഭാഗത്തിൽ ഭാഗ്യബതി കചാരി കാര്യമായ ചെറുത്തുനിൽപ്പിന് മുതിരാതെ ഫിലിപ്പീൻസിന്‍റെ ഹെർജി ബക്യാഡനോട് 0-5 ന്‍റെ തോൽവി ഏറ്റുവാങ്ങി.
ആശിഷ് കുമാർ (81 കിലോഗ്രാം), മോണിക്ക (48 കിലോഗ്രാം), ഗോവിന്ദ് സഹാനി (48 കിലോഗ്രാം), വരീന്ദർ സിംഗ് (60 കിലോഗ്രാം) എന്നിവർ നേരത്തെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. അത്കൊണ്ടുതന്നെ കഴിഞ്ഞ പതിപ്പിലെ ഒരു സ്വർണമെന്ന റെക്കോർഡ് മെച്ചപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ.