ന്യൂഡല്‍ഹി: ഒളിമ്പിക് പോയിന്‍റ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിക്കുകയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുക അസാധ്യമായ കാര്യമല്ലെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. ടേബിൾ ടെന്നീസ് പരിശീലകര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2028-ല്‍ ലോസ് ഏഞ്ചലസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഈ ലക്ഷ്യം യാഥാർത്ഥ്യമാക്കാനാണ് നാം ശ്രമിക്കുന്നത്. ഇതിനായി കായിക രംഗത്ത് ഉയർന്നുവരുന്ന യുവ പ്രതിഭകളെ കണ്ടെത്താന്‍ സർക്കാർ പ്രത്യേക സംഘങ്ങളെ നിയോഗിക്കുന്നുണ്ട്. മുന്‍ താരങ്ങളും വിരമിച്ച പരിശീലകരും ഉൾപ്പെട്ട സംഘങ്ങൾ രാജ്യത്ത് എല്ലായിടത്തും സഞ്ചരിക്കും. നിലവില്‍ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൊവിഡ് 19 ഭീതി ഒഴിയുന്നതോടെ ഓരോ ഇനത്തിനും പ്രത്യേക സംഘത്തെ രൂപീകരിക്കും. ഇവർ ജില്ലകൾ തോറും സഞ്ചരിച്ച് പ്രവർത്തിക്കും. ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിന് എട്ട് വർഷമുണ്ടെന്നും അതിനുള്ളില്‍ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍ ടെബിൾ ടെന്നീസ് താരം കമലേഷ് മേത്ത, ടേബിൾ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി എംപി സിംഗ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.