ചെന്നൈ: ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സ്വര്‍ണമെഡല്‍ നേടുന്ന താരങ്ങള്‍ക്ക് മൂന്ന് കോടി, വെള്ളിമെഡല്‍ നേടുന്നവര്‍ക്ക് രണ്ട് കോടി, വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് ഒരു കോടി എന്നിങ്ങനെയാണ് പാരിതോഷികം നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.
2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡല്‍ നേടിയ ചെന്നൈ സ്വദേശിയായ ഗഗൻ നാരംഗിന് മാത്രമാണ് ഇതേവരെ സംസ്ഥാനത്ത് നിന്നും ഒളിമ്പിക്സില്‍ മെഡല്‍ കണ്ടെത്താനായത്. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലായിരുന്നു ഗഗന്‍റെ മെഡല്‍ നേട്ടം.
also read: വംബ്ലിയില്‍ സ്വന്തം റെക്കോഡ് തിരുത്താന്‍ അസൂറിപ്പട; ഓസ്‌ട്രിയ കരുതി ഇരിക്കണം
അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡലുകൾ നേടിയ കായികതാരങ്ങൾക്ക് കായിക വകുപ്പിൽ ജോലി നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറും ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ചായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അതേസമയം ടോക്കിയോ ഒളിമ്പിക്സിലെ 14 കായിക വിഭാഗങ്ങളിലായി 102 ഇന്ത്യൻ അത്‌ലറ്റുകൾ ഇതേവരെ യോഗ്യത നേടിയിട്ടുള്ളത്. ജൂലൈ 23 നാണ് ഒളിമ്പിക്സ് ആരംഭിക്കുക. ആറ് മെഡലുകള്‍ നേടിയ 2012ലെ ലണ്ടന്‍ ഒളിമ്പിക്സാണ് ഇതേവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.