ന്യൂഡല്‍ഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വിഷയത്തിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ഓഗസ്റ്റ് 22-ലേക്ക് മാറ്റി. ഫിഫയുമായി ചർച്ച നടത്തുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനെത്തുടർന്ന് നടപടി. സസ്പെന്‍ഷന്‍ നീക്കാനും അണ്ടര്‍-17 വനിത ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ, ജെബി പരിദ്വാല എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഫിഫയുമായി സർക്കാരും അഡ്‌മിനിസ്ട്രേറ്റർമാരുടെ സമിതിയും രണ്ട് തവണ ചര്‍ച്ച നടത്തിയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയെ അറിയിച്ചത്. 17 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള മികച്ച അന്താരാഷ്ട്ര ഇവന്‍റാണിതെന്നും, ടൂർണമെന്‍റ് രാജ്യത്ത് നടക്കുന്നു എന്ന കാര്യത്തിൽ മാത്രമാണ് ആശങ്ക. പുറത്തുനിന്നുള്ള ആരെങ്കിലും ഇതിൽ ഇടപെടാൻ ശ്രമിച്ചാൽ വെച്ചുപൊറുപ്പിക്കില്ലെന്നും ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
അതേമയം ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്‌ചയാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും ഫെഡറേഷന്‍റെ തലപ്പത്ത് തുടര്‍ന്ന പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി സുപ്രീം കോടതി പിരിച്ച് വിട്ടതാണ് ഫിഫയെ ചൊടിപ്പിച്ചത്.
ഇതോടെയാണ് ഒക്‌ടോബറിൽ നടക്കാനിരിക്കുന്ന അണ്ടർ 17 വനിത ലോകകപ്പിന് ആതിഥേയത്വത്തില്‍ ആശങ്ക ഉയര്‍ന്നത്. ഒക്‌ടോബര്‍ 11 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്‍റ് നിശ്ചയിച്ചിരുന്നത്. 85 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് എഐഎഫ്എഫിനെ ഫിഫ വിലക്കുന്നത്.
also read: ഇന്ത്യയെ ഫിഫ വിലക്കിയത് എന്തിന്?, അനന്തര ഫലങ്ങളും പരിഹാരവും