ബേസൽ: സ്വിസ് ഓപ്പണിൽ ജയം തുടർന്ന് ഇന്ത്യൻ താരങ്ങൾ. രണ്ടാം റൗണ്ടിലെ ജയത്തോടെ ഇന്ത്യൻ പ്രതീക്ഷകളായ പി.വി സിന്ധുവും കിഡംബി ശ്രീകാന്തും ക്വാർട്ടറിലെത്തി. പുരുഷ ഡബിൾസ് ജോഡികളായ സാത്വിക്‌സായിരാജ് - ചിരാഗ് ഷെട്ടി സഖ്യം പുറത്തായി.
രണ്ടാം റൗണ്ടിൽ തുർക്കിയുടെ നെസ്ലിഹാൻ യിഗിത്തിനെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാർട്ടറിലേക്ക് മുന്നേറിയത്. 42 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം പിടിച്ചത്. 21-19, 21-14 എന്ന സ്‌കോറിനാണ് തോൽപ്പിച്ചത്.
പുരുഷ സിംഗിൾസിൽ ഗംഭീര ജയം സ്വന്തമാക്കി കിഡംബി ശ്രീകാന്ത്. ഏഴാം സീഡായ ഇന്ത്യൻ താരം മുന്ന് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിലാണ് ഫ്രഞ്ച് താരമായ ക്രിസ്റ്റോ പോപോവിനെ മറികടന്നത്. 73 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ 12-21, 25-23, 21-11 എന്ന സ്‌കോറിനാണ് ശ്രീകാന്ത് ജയം സ്വന്തമാക്കിയത്.
പുരുഷ സിംഗിൾസിൽ മറ്റൊരു ഇന്ത്യൻ താരം എച്ച്.എസ് പ്രണോയിയും അടുത്ത റൗണ്ടിലേക്ക് യോഗ്യത. മൂന്ന് സെറ്റുകളിലായി 56 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ 19-21, 21-13, 21-9 എന്ന സ്‌കോറിനാണ് പ്രണോയ് ഫിൻലാൻഡ് താരം കല്ലേ കോൽജോണനെ പരാജയപ്പെടുത്തിയത്. അടുത്ത റൗണ്ടിൽ സഹതാരമായ കശ്യപിനെ നേരിടും. ലോക ഒന്നാം നമ്പർ താരം വിക്‌ടർ ആക്‌സൽസൺ ടൂർണമെന്‍റിൽ നിന്ന് പിന്മാറിയതിനാൽ വാക്കോവറിലൂടെയാണ് കശ്യപ് മൂന്നാം റൗണ്ടിലെത്തിയത്.
ALSO READ:'അടുത്ത അധ്യായം എന്തെന്നറിയാനുള്ള ആവേശത്തില്‍' ; വിരമിച്ചതില്‍ തെല്ലും ഖേദമില്ലെന്ന് ആഷ്‌ലി ബാർട്ടി
വനിതാ സിംഗിൾസിൽ ആദ്യ ഗെയിം വിജയിച്ചതിന് ശേഷം തോൽവിയേറ്റുവാങ്ങി സൈന നെഹ്‌വാൾ. 55 മിനിറ്റിൽ 17-21, 21-13, 21-13 എന്ന സ്‌കോറിനാണ് മലേഷ്യൻ താരം കിസോണ സെൽവദുരെ നെഹ്‌വാളിനെ പരാജയപ്പെടുത്തിയത്.
പുരുഷ ഡബിൾസിന്‍റെ രണ്ടാം റൗണ്ടിൽ മൂന്നാം സീഡായ ഇന്ത്യൻ ജോഡികളായ സാത്വിക്-ചിരാഗ് സഖ്യം ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. സീഡ് ചെയ്യപ്പെടാത്ത ഇന്തോനേഷ്യൻ ജോഡിയായ പ്രമുദ്യ കുസുമവർദന - യാക്കോബ് റാംബിദൻ സഖ്യത്തോട് നേരിട്ടുള്ള സെറ്റിനാണ് പരാജയപ്പെട്ടത്. 39 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ 19-21, 22-20 സ്‌കോറിനാണ് തോൽവി ഏറ്റുവാങ്ങിയത്.