ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ (Asian Games 2023) വനിതകളുടെ ഹെപ്റ്റാത്തലണിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യയുടെ നന്ദിനി അഗസാരയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മറ്റൊരു ഇന്ത്യന്‍ താരമായ സ്വപ്‌ന ബർമൻ (Swapna Barman Against Nandini Agasara). 2018-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാത്തലണിൽ സ്വര്‍ണമെഡല്‍ ജേതാവായ സ്വപ്‌ന ബർമന് ഹാങ്‌ചോയില്‍ നന്ദിനി അഗസാരയ്‌ക്ക് (Nandini Agasara) പിന്നില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെ നന്ദിനി അഗസാര ട്രാന്‍സ്‌ജെന്‍ഡറാണെന്ന ആരോപണവുമായാണ് 26-കാരിയായ സ്വപ്‌ന ബർമൻ രംഗത്ത് എത്തിയത്.
തനിക്ക് തന്‍റെ മെഡല്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ സ്വപ്‌ന ബർമൻ (Swapna Barman) പോസ്റ്റിടുകയായിരുന്നു. "ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ഒരു ട്രാൻസ്‌ജെൻഡർ വനിതയോട് എനിക്ക് എന്‍റെ വെങ്കല മെഡൽ നഷ്‌ടമായി. ഇതു അത്‌ലറ്റിക്‌സിന്‍റെ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ എനിക്ക് എന്‍റെ മെഡൽ തിരികെ വേണം. ദയവായി എന്നെ സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യൂ"- സ്വപ്‌ന ബർമൻ എക്‌സിലെഴുതി.
സംഭവം വിവാദമായതിന് പിന്നാലെ പശ്ചിമ ബംഗാളുകാരിയായ താരം പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ഹാങ്‌ചോയില്‍ 5708 പോയിന്‍റ് നേടിയാണ് നന്ദിനി അഗസാര വെങ്കല മെഡല്‍ ജേതാവായത്. 20-കാരിയുടെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ്. 5712 പോയിന്‍റെടുത്ത സ്വപ്‌ന ബർമന് നന്ദിനിയുമായി നാല് പോയിന്‍റിന്‍റെ അകലം മാത്രമാണ് ഉണ്ടായിരുന്നത്.
സംഭവത്തില്‍ അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (Athletics Federation of India), കേന്ദ്ര കായിക മന്ത്രാലയം (Union Sports Ministry), സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (Sports Authority of India) എന്നിവയില്‍ നിന്നും ഇതേവരെ ആരും പ്രതികരിച്ചിട്ടില്ല. വനിതകളുടെ ഹെപ്റ്റാത്തലണിൽ ചൈനയുടെ നിനാലി ഷെങ് 6149 പോയിന്‍റുമായി സ്വർണം നേടിയപ്പോൾ ഉസ്‌ബെക്കിസ്ഥാന്‍റെ എകറ്റെറിന വൊറോണിന 6056 പോയിന്‍റുമായി വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.
അതേസമയം ഏഷ്യന്‍ ഗെയിംസിന്‍റെ എട്ടാം ദിനമായ ഇന്നലെ മലയാളികളായ എം ശ്രീശങ്കര്‍, ജിന്‍സന്‍ ജോണ്‍സണ്‍ എന്നിവര്‍ മെഡല്‍ നേടിയിരുന്നു. പുരുഷ വിഭാഗം ലോങ് ജംപില്‍ എം ശ്രീശങ്കര്‍ (M Sreeshankar) വെള്ളി നേടിയപ്പോള്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലമായിരുന്നു ജിന്‍സന്‍ ജോണ്‍സണ്‍ (Jinson Johnson) സ്വന്തമാക്കിയത്. പാലക്കാട്ടുകാരനായ ശ്രീശങ്കര്‍ 8.19 മീറ്റര്‍ ദൂരം ചാടിയാണ് വെള്ളി നേടിയത്. 1500 മീറ്റര്‍ ഓട്ടത്തില്‍ 3 മിനിട്ട് 39.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് കോഴിക്കാട്ടുകാരനായ ജിന്‍സന്‍റെ വെങ്കല നേട്ടം.