ന്യൂഡല്‍ഹി: ഏറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇന്ത്യന്‍ പുരുഷ -വനിത ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയയ്‌ക്കാന്‍ തീരുമാനമായത്. ഏഷ്യൻ ഗെയിംസിനായി അയച്ച പുരുഷ താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നായകന്‍ സുനിൽ ഛേത്രി, വെറ്ററൻ ഡിഫൻഡർ സന്ദേശ് ജിങ്കൻ, ഗോളി ഗുർപ്രീത് സിങ് സന്ധു എന്നിവരുടെ പേരില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പുരുഷന്മാരുടെ വിഭാഗത്തില്‍ അണ്ടര്‍ 23 പ്രായ പരിധിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
എന്നാല്‍ ഈ പ്രായപരിധിക്ക് മുകളിലുള്ള മൂന്ന് കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അനുവാദമുണ്ട്. ഇതോടെ അണ്ടര്‍ 23 പ്രായ പരിധിക്ക് മുകളിലുള്ള താരങ്ങളായി സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ, ഗുർപ്രീത് സിങ് സന്ധു എന്നിവരാവും സ്‌ക്വാഡിന്‍റെ ഭാഗമാവുകയെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബേ അറിയിച്ചിരുന്നത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ജോയിന്‍റ് സെക്രട്ടറിയും ആക്‌ടിങ് സിഇഒയും കൂടിയാണ് ചൗബെ.
എന്നാല്‍ സംഘാടകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ മൂവരുടേയും പേരില്ലെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെ നടക്കാനിരിക്കുന്ന ഏഷ്യാഡിനായി കളിക്കാരുടെ ലിസ്റ്റ് അയയ്‌ക്കാനുള്ള അവസാന തീയതി ജൂലൈ 15 ആയിരുന്നു. ഛേത്രി, ജിങ്കൻ, ഗുർപ്രീത് എന്നിവരെ പ്രത്യേക കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഏഷ്യാഡ് സംഘാടകര്‍ക്ക് നേരത്തെ ഐഒഎയും ചൗബെയും കത്ത് നല്‍കിയിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അന്തിമ പട്ടികയില്‍ നിന്നും മൂന്ന് സീനിയര്‍ താരങ്ങളുടേയും പുറത്താവല്‍ എന്തുകൊണ്ടെന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. എന്നാല്‍ മൂന്ന് താരങ്ങളും ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ നേരത്തെ ഉറപ്പില്ലാതിരുന്നതോടെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും പിന്നീട് അവര്‍ മനസ് മാറ്റുകയായിരുന്നുവെന്നുമാണ് വിവരം. മൂന്ന് താരങ്ങളേയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ പ്രതികരിച്ചു.
"സംഘാടകര്‍ക്ക് നല്‍കിയ പട്ടികയില്‍ മൂന്ന് താരങ്ങളുടേയും പേരില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, എഐഎഫ്എഫ് തലവൻ എന്ന നിലയിൽ, മൂന്ന് താരങ്ങള്‍ക്കും അക്രഡിറ്റേഷൻ ലഭിക്കുന്നതിന് അവരുടെ പേരുകൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഞാൻ വ്യക്തിപരമായി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. നിലവില്‍ മൂന്ന് കളിക്കാരുടേയും പേരുകള്‍ സംഘാടകർക്ക് അയച്ചിട്ടുണ്ട്"- ചൗബേ പറഞ്ഞു.
നിലവില്‍ ഏഷ്യന്‍ ഗെയിംസ് സംഘാടകര്‍ക്ക് അയച്ച പുരുഷ ഫുട്‌ബോള്‍ ടീം സ്‌ക്വാഡില്‍ 22 താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ടീമുകളെ മാത്രമേ ഏഷ്യൻ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്ന നിലപാടിലായിരുന്നു നേരത്തെ കേന്ദ്ര കായിക മന്ത്രാലയം. എന്നാല്‍ ഫിഫ റാങ്കിങ്ങിലടക്കം മുന്നിലുള്ള ടീമുകളെ തോല്‍പ്പിച്ചുകൊണ്ട് മിന്നും പ്രകടനം നടത്തുന്ന ഫുട്‌ബോള്‍ ടീമിനെ ഏഷ്യാഡിന് അയയ്‌ക്കണമെന്ന് നിരവധി കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് പ്രധാനമന്ത്രിക്കും കേന്ദ്ര കായിക മന്ത്രിക്കും കത്ത് നല്‍കിയതിനൊപ്പം എഐഎഫ്എഫിന്‍റെ ഭാഗത്ത് നിന്നും ഇടപടലുണ്ടായതോടെയാണ് സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റിയത്.