തിരുവനന്തപുരം: കേരളത്തിൻ്റെ ആവേശമായ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തലസ്ഥാന നഗരി ഒരുങ്ങി കഴിഞ്ഞു. തിരുവനന്തപുരത്തിന്‍റെ ഹൃദയഭാഗത്ത് തന്നെ സ്ഥിതി ചെയ്യുന്ന ചന്ദ്രശേഖർ നായർ സ്റ്റേഡിയo, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി ഡിസംബര്‍ മൂന്ന് മുതൽ ആറ് വരെയാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിനായി വരുന്ന വിദ്യാർഥികൾക്ക് താമസം, യാത്ര സൗകര്യം, ഭക്ഷണം തുടങ്ങിയ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു.
ആധുനിക ടെക്നോളജികളടക്കം ഒരു തരത്തിലും പരാതിയുയരാത്ത ക്രമീകരണങ്ങളാണ് ഇത്തവണത്തെ കായികോത്സവത്തിലുണ്ടാകുക. ഇന്ത്യയിൽ ആദ്യമായി ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ രാത്രിയും മത്സരങ്ങൾ നടക്കുമെന്നതാണ് ഇത്തവണത്തെ കായികോത്സവത്തിന്‍റെ സവിശേഷത. കൃത്യമായ ഷെഡ്യൂളോടെ രണ്ട് സ്‌റ്റേഡിയത്തിലുമായാണ് മത്സരം നടക്കുക.
ഫസ്റ്റ് കോൾ റൂമായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ത്രോ ഐറ്റംസുകൾ, ഹാമർ, ഷോട്ട്പുട്ടുകൾ എന്നിവ നടക്കും. പ്രാധാന വേദിയായ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ, ട്രാക്ക് ഐറ്റംസ്, ജംപ് ഐറ്റംസ് എന്നിവ നടക്കും. സ്റ്റേഡിയത്തിൽ രണ്ട് ഫിസിയോ തെറാപ്പിസ്റ്റുകളുടെ സൗകര്യത്തിന് പുറമെ ആയുർവേദം, അലോപ്പതി വിഭാഗങ്ങളുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
14 ജില്ലകളിൽ നിന്നായി 2737 താരങ്ങളാണ് മൈതാനത്ത് മാറ്റുരക്കുക. രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമെത്തുന്ന മത്സരങ്ങൾക്കായുള്ള ആവേശത്തിലാണ് വിദ്യാർഥികളും തലസ്ഥാനത്തേക്ക് വണ്ടി കയറിയത്.
Also Read: സംസ്ഥാന സ്‌കൂൾ കായികോത്സവം: ഡിസംബർ 3 മുതൽ 6 വരെ തലസ്ഥാന നഗരിയിൽ