മ്യൂൽഹൈം ആൻ ഡെർ റൂർ : ജർമൻ ഓപ്പൺ സൂപ്പർ 300 ബാഡ്‌മിന്‍റൺ ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ച് ഇന്ത്യൻ താരങ്ങളായ പി.വി സിന്ധുവും, കിഡംബി ശ്രീകാന്തും. ഏഴാം സീഡായ സിന്ധു തായ്‌ലന്‍റിന്‍റെ ബുസാനൻ ഒങ്‌ബാംരുങ്‌ഫാനെ തോൽപ്പിച്ചപ്പോൾ, എട്ടാം സീഡായ ശ്രീകാന്ത് ഫ്രാൻസിന്‍റെ ലോക 39-ാം നമ്പർ താരം ബ്രൈസ് ലെവർഡെസിനെയാണ് പരാജയപ്പെടുത്തിയത്.
രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു തായ്‌ലന്‍റിന്‍റെ ബുസാനൻ ഒങ്‌ബാംരുങ്‌ഫാനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. 21-8, 21-7 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ വിജയം.
ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ലോക 11-ാം നമ്പർ താരമായ ശ്രീകാന്തിന്‍റെ വിജയം. ആദ്യ സെറ്റ് അനായാസം നേടിയ ശ്രീകാന്തിന് രണ്ടാം സെറ്റിൽ അടിപതറി. എന്നാൽ മൂന്നാം സെറ്റിൽ ശക്‌തമായി തിരച്ചുവന്ന് താരം ജയം നേടുകയായിരുന്നു. സ്കോർ : 21-10 13-21 21-7.
ALSO READ: ജേസൺ റോയിയുടെ പിൻമാറ്റം ; അഫ്‌ഗാൻ ഓപ്പണർ റഹ്‌മനുള്ള ഗുർബാസിനെ ഗുജറാത്ത് ടൈറ്റൻസിലെത്തിച്ചേക്കും
സ്‌പെയിനിന്‍റെ ബിയാട്രിസ് കൊറാലെസിയോ ചൈനയുടെ ഷാങ് യി മാനെയോ ആയിരിക്കും അടുത്ത റൗണ്ടിൽ സിന്ധുവിന്‍റെ എതിരാളി. ചൈനയുടെ ലു ഗുവാങ് സുവിനെയാണ് ശ്രീകാന്ത് അടുത്ത റൗണ്ടിൽ നേരിടുക.
അതേസമയം മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ ജോഡികളായ സായ് പ്രതീക് കെ-എൻ സിക്കി റെഡ്ഡി സഖ്യം ടോപ്പ് സീഡുകളായ ദെചാപോൾ പുവാറനുക്രോ-തായ്‌ലൻഡിന്‍റെ സപ്‌സിരി തേരട്ടനാച്ചായി സഖ്യത്തിനെതിരെ 19-21, 8-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു.