ന്യൂഡൽഹി: തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിൽ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് ഒരു കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. നിലവിലെ ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ തകർത്താണ് ഇന്ത്യ കിരീടമണിഞ്ഞത്. തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ കിരീട നേട്ടമാണിത്.
ചരിത്രവിജയത്തിന് ഇന്ത്യൻ ടീമിന്‍റെ കളിക്കാരെയും പരിശീലകരെയും സപ്പോർട്ട് സ്റ്റാഫിനെയും താക്കൂർ അഭിനന്ദിച്ചു. ഇന്ത്യൻ ജനങ്ങളെ ഈ വാരാന്ത്യത്തിൽ ഏറ്റവുമധികം സന്തോഷിപ്പിച്ച ടീമിന് ഒരു കോടി രൂപയുടെ അവാർഡ് പ്രഖ്യാപിക്കുന്നു. അനുരാഗ് താക്കൂർ പ്രസ്‌താവനയിൽ പറഞ്ഞു.
ജനുവരി മുതൽ ആരംഭിച്ച 10 ആഴ്‌ചത്തെ ദേശീയ ക്യാമ്പ് കളിക്കാരുടെ ഫിറ്റ്നസ് ലെവലുകൾ ഉയർത്താൻ സഹായിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ പരിശീലനത്തിനും മത്സരത്തിനുമായി ഇന്ത്യൻ ബാഡ്‌മിന്‍റൺ കളിക്കാർക്ക് മന്ത്രാലയം 67.19 കോടി രൂപയുടെ ധനസഹായം നൽകി. ഡബിൾസ് കോമ്പിനേഷനുകളെ സഹായിക്കാൻ മത്യാസ് ബോയെ കോച്ചായി നിയമിച്ചതും ടീമിന്‍റെ പ്രകടനത്തിൽ നിർണായകമായി. മന്ത്രി കൂട്ടിച്ചേർത്തു.
14 തവണ ചാമ്പ്യൻമാരായ ഇന്തോനേഷ്യക്കെതിരായ ഫൈനലിൽ ആദ്യ മൂന്ന് റൗണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ തോമസ് കപ്പിൽ ആദ്യ കിരീടം സ്വന്തമാക്കിയത്. ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത്, ലോക എട്ടാം നമ്പർ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടി, സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി എന്നിവരാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ.