ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്‍റെ ഗുഡ്‌വില്‍ അംബാസിഡറാകാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് ക്ഷണം. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് താരത്തെ ക്ഷണിച്ചത്. ഗാംഗുലി ക്ഷണം സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് ഐഒഎ ജനറല്‍ സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.
ഗാംഗുലിയുടെ സാന്നിധ്യം ഇന്ത്യന്‍ കായിക താരങ്ങൾക്ക് പ്രചോദനമേകും. രാജ്യം ഒളിമ്പിക്‌സ് രംഗത്ത് നടത്തുന്ന മുന്നേറ്റങ്ങൾക്ക് താരത്തിന്‍റെ പങ്കാളിത്തം മുതല്‍ക്കൂട്ടാകും. രാജ്യം പങ്കെടുക്കുന്ന 100 ഒളിമ്പിക്‌സാണ് ടോക്കിയോയില്‍ അരങ്ങേറാന്‍ പോകുന്നതെന്ന പ്രത്യേകതയുണ്ടെന്നു അദ്ദേഹം കൂട്ടിചേർത്തു.
ടോക്കിയോ ഒളിമ്പിക്‌സിന് ജൂലൈ 24-ന് തുടക്കമാകും. ഓഗസ്‌റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്‌സ് മത്സരങ്ങൾ നടക്കുക. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള കായിക താരങ്ങൾ അമ്പെയ്‌ത്ത്, അത്‌ലറ്റിക്‌സ്, ഹോക്കി, ഗുസ്‌തി, അശ്വാഭ്യാസം, ഷൂട്ടിങ് എന്നീ ഇനങ്ങളില്‍ ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്.