ന്യൂയോര്‍ക്ക്: വനിത അത്‌ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്‌ത കുറ്റത്തിന് അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ഡോക്‌ടറായിരുന്ന ലാറി നാസര്‍ക്ക് വിവിധ കേസുകളിലായി 300 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2018 ഡിസംബറിലായിരുന്നു ഏറെ ചര്‍ച്ചയായ കോടതി വിധി. 1986 മുതല്‍ യുഎസ്‌എ ജിംനാസ്റ്റിക്‌സുമായി സഹകരിക്കുന്ന ഡോ. ലാറി നാസര്‍ പിടിയിലാവുന്നത് വരെ 265 പെണ്‍കുട്ടികളെയെങ്കിലും പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയം: ലാറി നാസറുടെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ വീഴ്‌ച വരുത്തിയതിന് എഫ്‌ബിഐയിൽ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) നിന്ന് 1 ബില്യൺ ഡോളറിലധികം ആവശ്യപ്പെട്ടിരിക്കുകയാണ് ഇരകളില്‍ ചിലര്‍. ഒളിമ്പിക്‌സില്‍ യുഎസിനായി മെഡലുകള്‍ വാരിക്കൂട്ടിയ സിമോൺ ബൈൽസ്, മക്കെയ്‌ല മറോണി, അലി റെയ്‌സ്‌മാൻ തുടങ്ങിയ 90ഓളം അത്‌ലറ്റുകളാണ് വെവ്വേറെ 13 ക്ലെയിമുകൾ ഫയൽ ചെയ്‌തിരിക്കുന്നത്.
നാസറിന്‍റെ പ്രവര്‍ത്തികള്‍ ചില അത്‌ലറ്റുകള്‍ 2015ൽ എഫ്‌ബിഐ പ്രാദേശിക ഏജന്‍റുമാരെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണം നടത്തുന്നതിനും, മിഷിഗണിലെ സ്റ്റേറ്റ് അധികാരികളെ അറിയിക്കുന്നതിലും എഫ്‌ബിഐ വീഴ്‌ച വരുത്തിയിരുന്നു. 2016ൽ ലോസ് ഏഞ്ചൽസിലെ ഏജന്‍റുമാർ നാസറിനെതിരെ അന്വേഷണം ആരംഭിക്കുകയും നിരവധി ഇരകളുടെ മൊഴികള്‍ ശേഖരിക്കുകയും ചെയ്‌തു. എന്നാല്‍ അധികാരികളെ അറിയിക്കുകയോ, തുടര്‍ നടപടികളെടുക്കുകയോ ചെയ്‌തിരുന്നില്ല.
''എഫ്‌ബിഐ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയമാണിത്'', 2017-19ൽ ഒക്‌ലഹോമയിലെ ദേശീയ ചാമ്പ്യൻ ജിംനാസ്റ്റായ മാഗി നിക്കോൾസ് പറഞ്ഞു. "എഫ്ബിഐ അതിന്‍റെ ജോലി ചെയ്‌തിരുന്നെങ്കിൽ, ഞാനുൾപ്പെടെ നൂറുകണക്കിന് പെൺകുട്ടികളെ ദുരുപയോഗം ചെയ്യാൻ അവസരം ലഭിക്കുന്നതിന് മുമ്പ് നാസർ പിടിയിലാവുമായിരുന്നു", മിഷിഗൺ സർവകലാശാലയിലെ മുൻ ജിംനാസ്റ്റ് സാമന്ത റോയ് പറഞ്ഞു.
പ്രതികരിക്കാതെ എഫ്‌ബിഐ: അത്‌ലറ്റുകളുടെ നഷ്‌ടപരിഹാര അവശ്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച എഫ്‌ബിഐ, വലിയ തെറ്റ് സംഭവിച്ചതില്‍ ഡയറക്‌ടര്‍ ക്രിസ്റ്റഫർ റേ കഴിഞ്ഞ വര്‍ഷം മാപ്പ് പറഞ്ഞതായി ചുണ്ടിക്കാട്ടി. അതേസമയം ഫെഡറൽ നിയമപ്രകാരം, ടോർട്ട് ക്ലെയിമുകളിൽ (കര്‍ത്തവ്യ ലംഘനവുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാരം അവശ്യപ്പെടുന്നത്) പ്രതികരിക്കാൻ ഒരു സർക്കാർ ഏജൻസിക്ക് ആറ് മാസത്തെ സമയമുണ്ട്.