ന്യൂഡൽഹി: ഡൽഹി ഫുട്‌ബോൾ പ്രസിഡന്‍റ് ഷാജി പ്രഭാകരനെ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍റെ (എഐഎഫ്‌എഫ്) പുതിയ സെക്രട്ടറി ജനറലായി നിയമിച്ചു. പുതുതായി രൂപീകരിച്ച എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പ്രസിഡന്‍റ് കല്യാൺ ചൗബേയുടെ അധ്യക്ഷതയിലാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി ചേര്‍ന്നത്.
പ്രസിഡന്‍റ് ചൗബേയുടെ നിര്‍ദേശം എല്ലാ അംഗങ്ങളും ഏകകണ്ഠമായി അംഗീകരിച്ചതായി ഫെഡറേഷന്‍ പ്രസ്‌താവനയിൽ അറിയിച്ചു. ഫെഡറേഷന്‍റെ പ്രവർത്തനത്തിൽ മാറ്റം ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന ആളാണ് ഷാജി പ്രഭാകരന്‍. എഐഎഫ്‌എഫില്‍ വിഷന്‍ ഡയറക്‌ടറായി കരിയര്‍ ആരംഭിച്ച പ്രഭാകരന്‍ നേരത്തെ ഫിഫയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം വെള്ളിയാഴ്‌ച(02.09.2022) നടന്ന എഐഎഫ്‌എഫ് തെരഞ്ഞെടുപ്പില്‍ സമകാലികനും ഈസ്റ്റ് ബംഗാളില്‍ ഒന്നിച്ചു കളിക്കുകയും ചെയ്‌ത ഇന്ത്യയുടെ മുന്‍ നായകന്‍ ബൈചുങ് ബൂട്ടിയയെയാണ് കല്യാൺ ചൗബേ പരാജയപ്പെടുത്തിയത്. ഇലക്‌ടറൽ കോളജിലെ 33 അംഗങ്ങളും ചൗബെയ്‌ക്ക് വോട്ട് ചെയ്‌തു.
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍റെ 85 വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കായിക താരം പ്രസിഡന്‍റ് പദവിയിലെത്തുന്നത്. 15 വര്‍ഷം നീണ്ട കരിയറില്‍ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ വമ്പൻ ക്ലബ്ബുകളുടെ ഗോള്‍ വല താരം കാത്തിട്ടുണ്ട്.