മാഡ്രിഡ് : ബാലൺ ദ്യോർ പുരസ്‌കാരം ലഭിക്കാന്‍ സ്‌പാനിഷ് ഫുട്ബോൾ പ്രസിഡന്‍റ് ലൂയിസ് റുബിയാലസിനോട് മുൻ റയൽ മാഡ്രിഡ് നായകനും നിലവിൽ പിഎസ്‌ജി താരവുമായ സെർജിയോ റാമോസ് സഹായം അഭ്യർഥിച്ചതായി റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ നടത്തിയ വാട്ട്സ്ആപ്പ് ചാറ്റ് സ്‌പാനിഷ് മാധ്യമമായ 'എൽ കോൺഫിഡൻഷ്യൽ' പുറത്തുവിട്ടു. 2020 ജൂലൈ 16നും ഓഗസ്റ്റ് 8നും ഇടയിൽ നടന്ന സംഭാഷണങ്ങളാണ് പുറത്തുവന്നത്.
യുവേഫ, ബാലൺ ദ്യോർ കമ്മിറ്റികളിൽ റൂബിയാലസിനുള്ള ബന്ധങ്ങൾ തനിക്ക് വേണ്ടി ഉപയോഗിക്കണമെന്നാണ് റാമോസ് ആവശ്യപ്പെടുന്നത്. അതുനേടാൻ കഴിഞ്ഞാൽ ജീവിത കാലം മുഴുവന്‍ കടപ്പാടുണ്ടാകുമെന്നും, സ്‌പാനിഷ് ഫുട്ബോൾ അതർഹിക്കുന്നുവെന്നും റുബിയാലസിനോട് റാമോസ് പറയുന്നുണ്ട്.
എന്നാല്‍ 2019-20 സീസണിലെ റാമോസിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച റൂബിയാലസ്, സഹായിക്കാമെന്നേറ്റെങ്കിലും തനിക്ക് ഇത്തരം കാര്യങ്ങളിൽ പരിമിതമായ അധികാരം മാത്രമേ ഉള്ളൂവെന്നും വ്യക്തമാക്കുന്നുണ്ട്. സീസണില്‍ റയല്‍ മാഡ്രിഡിനായി തിളങ്ങിയ താരം ക്ലബ്ബിന്‍റെ 34ാം ലാ ലിഗ കിരീട നേട്ടത്തില്‍ നിര്‍ണായകമായിരുന്നു.
also read: ക്രിസ്റ്റ്യാനോ പോയാല്‍ ഈ സൂപ്പര്‍ താരം ; പിഎസ്‌ജി സ്‌ട്രൈക്കറെ നോട്ടമിട്ട് യുണൈറ്റഡ്
റയലിനൊപ്പമുള്ള 16 സീസണുകള്‍ക്ക് ശേഷം കഴിഞ്ഞ സമ്മറില്‍ ഫ്രീ ഏജന്‍റായാണ് താരം പിഎസ്‌ജിയിലെത്തിയത്. റയലിനൊപ്പം നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് ലാ ലിഗ കിരീടവും സ്വന്തമാക്കാന്‍ റാമോസിന് കഴിഞ്ഞിട്ടുണ്ട്. കരിയറില്‍ ഇതടക്കം അതുല്യമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരത്തിന് ബാലൺ ദ്യോർ നേടാൻ കഴിഞ്ഞിട്ടില്ല.
അതേസമയം ഇതാദ്യമായല്ല എൽ കോൺഫിഡെന്‍ഷ്യല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. നേരത്തെ ബാഴ്‌സലോണ താരം ജെറാർഡ് പിക്വയുടെ കമ്പനി സ്‌പാനിഷ് സൂപ്പർകപ്പ് മത്സരങ്ങൾ സംഘടിപ്പിക്കാൻ കമ്മിഷന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് സ്‌പാനിഷ് ഫുട്ബാൾ പ്രസിഡന്‍റുമായി നടത്തിയ സംഭാഷണങ്ങളും ഇവർ പുറത്തുവിട്ടിരുന്നു.