ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ നടക്കാനിരിക്കുന്ന യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറി. കൈമുട്ടിനും കൈത്തണ്ടയ്‌ക്കും പരിക്കേറ്റതിനാലാണ് പിന്മാറ്റമെന്ന് സാനിയ മിർസ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. രണ്ട് ആഴ്‌ച മുന്നെ കാനഡയില്‍ കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം സ്‌കാനിങ്ങിന് വിധേയയാവും വരെ അതത്ര മോശമായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ യുഎസ് ഓപ്പണില്‍ കളിക്കാനാവില്ല. മുന്‍കൂട്ടി നിശ്ചയിച്ച പോലെയല്ല കാര്യങ്ങള്‍ നടക്കുന്നത്. വളരെ കഠിനമായ സമയമാണിത്. ഇതെന്‍റെ വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റം വരുത്തും, സാനിയ അറിയിച്ചു.
കഴിഞ്ഞ മാസം നടന്ന വിംബിൾഡൺ ടെന്നിസില്‍ സെമിയിലെത്താന്‍ സാനിയയ്‌ക്ക് കഴിഞ്ഞിരുന്നു. മിക്‌സഡ് ഡബിൾസിൽ ക്രൊയേഷ്യന്‍ പങ്കാളി മേറ്റ് പാവികിനൊപ്പമാണ് സാനിയ സെമിയിലെത്തിയത്. അതേസമയം ഈ വര്‍ഷം ആദ്യം നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം 35കാരിയായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
2022 തന്‍റെ അവസാന സീസണാണെന്നാണ് സാനിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വനിത ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് സാനിയ. ഗ്രാൻസ്‍ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമാണ് സാനിയ. ഓഗസ്റ്റ് 29 മുതല്‍ സെപ്‌റ്റംബര്‍ 11 വരെയാണ് യുഎസ് ഓപ്പണ്‍ നടക്കുക.