ന്യൂഡൽഹി : ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും രംഗത്ത്. ഒരു കായികതാരമെന്ന നിലയിലും അതിലുപരി ഒരു സ്‌ത്രീയെന്ന നിലയിലും ഇപ്പോൾ നടക്കുന്ന പ്രതിഷേധം കാണുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ ദുഷ്‌കരമായ സമയത്ത് ഗുസ്‌തി താരങ്ങളുടെ കൂടെ നിൽക്കേണ്ട സമയമാണെന്നും സാനിയ ട്വിറ്ററില്‍ കുറിച്ചു.
അവർ നമ്മുടെ രാജ്യത്തിനായി ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയവരാണ്. അവരുടെ നേട്ടങ്ങൾ നാമെല്ലാവരും ഒരുമിച്ച് ആഘോഷമാക്കിയതുമാണ്. നിങ്ങൾ അങ്ങനെ ചെയ്‌തിട്ടുണ്ടെങ്കിൽ ഈ മോശം സാഹചര്യത്തിലും അവരെ പിന്തുണയ്‌ക്കേണ്ടതുണ്ട്. ഇത് വളരെ ഗുരുതരമായ ആരോപണമാണ്. സത്യമെന്തായാലും അധികം വൈകാതെ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ കൂട്ടിച്ചേർത്തു.
സാനിയയെ കൂടാതെ ഹോക്കി ടീം ക്യാപ്‌റ്റൻ റാണി രാംപാൽ, ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. 'ലോകവേദികളിൽ രാജ്യത്തിന്‍റെ അഭിമാനം ഉയർത്തിപ്പിടിച്ച ഗുസ്‌തി താരങ്ങൾ തെരുവിലിറങ്ങി നീതിയ്‌ക്കായി സമരം ചെയ്യുന്നത് അങ്ങേയറ്റം വേദനജനകമാണ്. തങ്ങളുടെ ജീവിതത്തിൽ കഠിനാധ്വാനം ചെയ്യുകയും രാജ്യത്തിനായി മഹത്തായ ബഹുമതികൾ നേടുകയും ചെയ്ത എന്റെ സഹ കായികതാരങ്ങളെ കാണുന്നത് എന്നെ സങ്കടത്തിലാക്കുന്നു. അവർ നീതി അർഹിക്കുന്നു'. റാണി രാംപാൽ ട്വീറ്റ് ചെയ്തു.
നമ്മുടെ താരങ്ങൾ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത് എന്നെ വേദനിപ്പിക്കുന്നു. നമ്മുടെ മഹത്തായ രാജ്യത്തെ പ്രതിനിധീകരിക്കാനും നമ്മുടെ അഭിമാനം കാത്തുസൂക്ഷിക്കാനും അവർ കഠിനമായി പരിശ്രമിച്ചു'. ഇപ്പോൾ നടക്കുന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഇത് നിഷ്‌പക്ഷമായും സുതാര്യമായും കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ വേഗത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നും നീരജ് പറഞ്ഞു.
ബ്രിജ് ഭൂഷണെതിരെ പോക്‌സോ അടക്കം രണ്ട് കേസുകള്‍; ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെ ബ്രിജ് ഭൂഷണെതിരെ പോക്‌സോ ഉള്‍പ്പെടെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത് ഡല്‍ഹി പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിയിലാണ് ആദ്യ എഫ്‌ഐആർ. ഇന്ത്യൻ ശിക്ഷ നിയമത്തിലെ പ്രധാന വകുപ്പുകൾക്കൊപ്പം, പോക്‌സോ വകുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് കേസ്. മര്യാദ ലംഘനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ എഫ്‌ഐആര്‍.
കഴിഞ്ഞ ഞായറാഴ്‌ചയാണ് പ്രായപൂർത്തിയാകാത്ത താരമുൾപ്പടെ പ്രമുഖ ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റങ് പുനിയ തുടങ്ങിയ പ്രമുഖരെല്ലാം നീതി തേടി തെരുവിലറങ്ങിയിട്ടുണ്ട്.
ലൈംഗിക പീഡന പരാതിയിൽ നടപടി എടുക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെത്തുടർന്നാണ് മൂന്ന് മാസത്തിന് ശേഷം താരങ്ങൾ വീണ്ടും പ്രതിഷേധവുമായി എത്തിയത്. വര്‍ഷം ജനുവരിയിലാണ് വനിത ഗുസ്‌തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ആദ്യമായി ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തുകയും ജന്തര്‍ മന്ദറില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തിരുന്നത്.