ന്യൂഡൽഹി : ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിനിടെ സമ്മതമില്ലാതെ വീഡിയോ പകർത്തിയെന്ന ജിംനാസ്റ്റിക് താരം അരുണ ബുദ്ദ റെഡ്ഡിയുടെ ആരോപണങ്ങൾ അന്വേഷിക്കാൻ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മൂന്നംഗ സമിതിക്ക് രൂപം നൽകി. എക്‌സിക്യുട്ടീവ് ഡയറക്‌ടർ (ടീംസ് ഡിവിഷൻ) രാധിക ശ്രീമാൻ അധ്യക്ഷയായ സമിതിയിൽ കോച്ച് കമലേഷ് തിവാന, ഡെപ്യൂട്ടി ഡയറക്‌ടർ (ഓപ്പറേഷൻസ്) കൈലാഷ് മീണ എന്നിവരും ഉൾപ്പെടുന്നു.
കുറ്റാരോപിതനായ പരിശീലകൻ രോഹിത് ജയ്‌സ്വാളിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഇരു കക്ഷികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം അടുത്ത ആഴ്ചയോടെ കമ്മിറ്റി തങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കും.
മാർച്ചിൽ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലെ ദേശീയ ക്യാമ്പിൽ നടന്ന കായികക്ഷമതാ പരിശോധനക്കിടെയാണ് തന്‍റെ സമ്മതമില്ലാതെ വീഡിയോ പകർത്തിയതായി അരുണ ആരോപിച്ചത്. ഒരു സ്വകാര്യ മാധ്യമത്തിൽ വന്ന റിപ്പോര്‍ട്ട് വിവാദമായതോടെയാണ് അന്വേഷണ കമ്മിറ്റിയെ നിയോഗിക്കാൻ സായ് തീരുമാനിച്ചത്.