ന്യൂഡൽഹി : സ്ലോവേനിയയിലെ പരിശീലനം മതിയാക്കി മടങ്ങാന്‍ ഇന്ത്യൻ ദേശീയ സൈക്ലിങ് ടീമിന് സായ് (സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശം. ടീമിന്‍റെ മുഖ്യ പരിശീലകന്‍ ആര്‍കെ ശര്‍മ മോശമായി പെരുമാറിയെന്ന് പ്രമുഖ വനിതാതാരം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സംഘത്തെ സായ് തിരികെ വിളിച്ചത്.
"സായ് എല്ലാ കളിക്കാരുടെയും പാസ്‌പോർട്ടുകൾ ആവശ്യപ്പെട്ടു, അവർ സ്ലോവേനിയയിൽ നിന്ന് സംഘത്തെ തിരികെ വിളിച്ചു" സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനീന്ദർ പാൽ സിങ് പറഞ്ഞു. വനിത അത്‌ലറ്റിന്‍റെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്‌ച സായ് അന്വേഷണ കമ്മിറ്റി രൂപീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ജൂണ്‍ 18 മുതല്‍ 22 വരെ ഡല്‍ഹിയില്‍ നടക്കുന്ന ഏഷ്യന്‍ ട്രാക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള ക്യാമ്പാണ് സ്ലോവേനിയില്‍ നടന്നിരുന്നത്. ഇതിനിടെ ആര്‍കെ ശര്‍മ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഇ-മെയില്‍ വഴിയാണ് വനിത അത്‌ലറ്റ് സായ്‌ക്ക് പരാതി നല്‍കിയത്. പരാതിക്കാരിയായ അത്‌ലറ്റിന്‍റെ സുരക്ഷ പരിഗണിച്ച് ഉടന്‍ നാട്ടിലേക്ക് തിരികെയെത്തിച്ചതായി സായ് നേരത്തെ വ്യക്തമാക്കിയിരുന്നു.
also read: റൊണാള്‍ഡോയും മെസിയും മാത്രം മുന്നില്‍; ഇൻസ്റ്റഗ്രാമിൽ 200 മില്ല്യൺ ഫോളോവേഴ്‌സ് കടന്ന് കോലി
സിഎഫ്‌ഐയുടെ (സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) നിര്‍ദേശപ്രകാരമാണ് പരിശീലകനെ നിയമിച്ചത്. വിഷയം മുൻഗണനാക്രമത്തിൽ കൈകാര്യം ചെയ്യുകയാണെന്നും , ഉടൻ തന്നെ പരിഹരിക്കുമെന്നും സായ് പ്രസ്താവനയില്‍ വ്യക്തമാക്കി. എയർഫോഴ്‌സ് മുൻ എച്ച്ആർ മാനേജർ കൂടിയായ ശർമ 2014 മുതൽ ജൂനിയർ, സീനിയർ സൈക്ലിങ് ടീമിനൊപ്പം പ്രവർത്തിക്കുന്നുണ്ട്.