മാഞ്ചസ്റ്റര്‍: പീഡനക്കേസില്‍ വിചാരണ നേരിടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം റയാന്‍ ഗിഗ്‌സിന് എതിരെ ഞെട്ടിക്കുന്ന അരോപണങ്ങള്‍. മുന്‍ കാമുകിയായ കെയ്‌റ്റ് ഗ്രെവില്ലെയാണ് മാഞ്ചസ്റ്ററിലെ വിചാരണക്കോടതിയില്‍ 48കാരനായ ഗിഗ്‌സിന് എതിരെ ഗുരുത ആരോപണങ്ങള്‍ ഉന്നയിച്ചത്. ഗ്രെവില്ലെയുടെ ആരോപണങ്ങളടങ്ങിയ വീഡിയോ പൊലീസ് കോടതിയില്‍ പ്രദര്‍ശിപ്പിച്ചു.
താനുമായി അടുപ്പത്തിലുണ്ടായിരുന്നപ്പോള്‍ തന്നെ ഒരു ഡസനോളം സ്ത്രീകളുമായും ഗിഗ്‌സിന് ബന്ധമുണ്ടായിരുന്നു. ഒരുതവണ മറ്റൊരു യുവതിക്ക് ഗിഗ്‌സ് സന്ദേശം അയക്കുന്നത് കണ്ടെത്തിയപ്പോള്‍ ഹോട്ടല്‍ മുറിയില്‍ നിന്നും നഗ്നയാക്കി തന്നെ പുറത്തേക്ക് തള്ളി വിട്ടു. ടവ്വല്‍ ഉപയോഗിച്ചാണ് ശരീരം മറച്ചത്.
ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഉപദ്രവിച്ചു. ലോക്‌ഡൗണ്‍ കാലത്ത് ഗിഗ്‌സിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നു. ശാരീരികമായും മാനസികമായും നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. തന്‍റെ നഗ്നഫോട്ടോകളും വീഡിയോകളും ഗിഗ്‌സിന്‍റെ കൈവശമുണ്ട്. ഇവ തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി.
പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ തന്‍റെ സഹോദരിയെയും ഗിഗ്‌സ് ആക്രമിക്കാന്‍ ശ്രമിച്ചു, 2020 നവംബര്‍ ഒന്നിന് ഗിഗ്‌സ് നിയന്ത്രണം വിട്ട് ആക്രമണകാരിയായി, വീട് വിടാന്‍ ശ്രമിച്ച തന്നെ മദ്യലഹരിയിലായിരുന്ന ഗിഗ്‌സ് ആക്രമിച്ചു, തുടങ്ങിയ കാര്യങ്ങളാണ് കെയ്റ്റ് വീഡിയോയില്‍ പറയുന്നത്. അതേസമയം ഗിഗ്‌സിന്‍റെ അഭിഭാഷകര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. 2017 മുതല്‍ 2020 വരെയുള്ള സമയം പീഡനം നടന്നതായാണ് പരാതി.