ന്യൂഡല്‍ഹി : ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ എക്കാലത്തെയും ഉയർന്ന ഫിഫ റാങ്കിങ്ങിലേക്ക് നയിച്ച മുന്‍ പരിശീലകന്‍ റുസ്‌തം അക്രമോവ് (73) അന്തരിച്ചു. ഉസ്ബെക്കിസ്ഥാനിലെ ജന്മനാട്ടിലാണ് അന്ത്യം.
ഉസ്‌ബെക്കിസ്ഥാന്‍ ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരപ്രകാരം ഫെബ്രുവരി 15നാണ് ഇതിഹാസ പരിശീലകൻ അന്തരിച്ചത്.
1995 മുതൽ 1997 വരെ ദേശീയ ടീമിന്‍റെ ചുമതല വഹിച്ചിരുന്ന അക്രമോവിന്‍റെ മരണത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അനുശോചനം രേഖപ്പെടുത്തി.
ഇതിഹാസ താരം ബൈച്ചുങ് ബൂട്ടിയയെ അന്താരാഷ്ട്ര തലത്തിലേക്ക് പരിചയപ്പെടുത്തിയ കോച്ചാണ് അക്രമോവ്. 1995 മാർച്ചിൽ തായ്‌ലൻഡിനെതിരായ നെഹ്‌റു കപ്പ് മത്സരത്തിലാണ് സിക്കിമീസ് കൗമാരക്കാരനായ ബൈചുങ് ബൂട്ടിയയ്ക്ക് അക്രമോവ് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. അറ്റാക്കിങ് മിഡ്‌ഫീല്‍ഡറായിരുന്ന ബൂട്ടിയയെ സ്‌ട്രൈക്കാറാക്കിയതും അക്രമോവാണ്.
also read: 'പുറത്താകല്‍ പ്രതീക്ഷിച്ചത്' ; രഹാനെയ്‌ക്കും പൂജാരയ്ക്കും തിരിച്ചുവരവ് പ്രയാസമെന്നും ഗവാസ്‌കര്‍
അക്രമോവിന്‍റെ കീഴിലുള്ള ഇന്ത്യൻ ടീമില്‍ ഐഎം വിജയൻ, കാൾട്ടൺ ചാപ്മാൻ, ബ്രൂണോ കുട്ടീഞ്ഞോ തുടങ്ങിയ ഇതിഹാസ താരങ്ങളും പന്ത് തട്ടിയിട്ടുണ്ട്.