ഇൻസ്റ്റഗ്രാമിൽ 400 മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ വ്യക്‌തിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം തന്‍റെ 37-ാം വയസ് പൂർത്തിയായതിന് പിന്നാലെയാണ് ഈ നേട്ടം റൊണാൾഡോയെ തേടിയെത്തിയത്.
നിലവിൽ 469 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള ഇൻസ്റ്റഗ്രാമിന്‍റെ ഔദ്യോഗിക ഹാൻഡിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടും റൊണാൾഡോയുടേത് തന്നെയാണ്. കഴിഞ്ഞ ജനുവരിയിൽ 200 മില്യണ്‍ ഫോളോവോഴ്‌സിലെത്തിയ ആദ്യ വ്യക്‌തി എന്ന നേട്ടം റൊണാൾഡോ സ്വന്തമാക്കിയിരുന്നു.
309 മില്യണ്‍ ഫോളോവേഴ്‌സുള്ള അമേരിക്കൻ മോഡൽ കെയ്‌ലി ജെന്നറാണ് റൊണാൾഡോക്ക് പിന്നാലെ മൂന്നാം സ്ഥാനത്ത്. 306 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള ലയണൽ മെസിയാണ് നാലമതുള്ളത്. അമേരിക്കൻ ഗായിക സെലീന ഗോമസ് 295 മില്യണ്‍ ഫോളോവേഴ്‌സുമായി അഞ്ചാം സ്ഥാനത്തും തുടരുന്നു.
ALSO READ: കരിയറിൽ 500 ക്ലീൻ ഷീറ്റുകൾ : ബഫൺ ചരിത്രം സൃഷ്‌ടിക്കുന്നത് തുടരുന്നു
കായിക താരങ്ങളിൽ ആദ്യ പത്തിൽ റൊണാൾഡോയും മെസിയും മാത്രമാണുള്ളത്. 182 മില്യണ്‍ ഫോളോവേഴ്‌സുമായി 17-ാം സ്ഥാനത്തുള്ള ഇന്ത്യൻ താരം വിരാട് കോലിയാണ് ഫോളോവേഴ്‌സിന്‍റെ എണ്ണത്തിൽ മൂന്നാമതുള്ള കായികതാരം. 169 മില്യണ്‍ ഫോളേവേഴ്‌സുമായി 19-ാം സ്ഥാനത്തുള്ള നെയ്‌മറാണ് കായിക താരങ്ങളിൽ നാലാം സ്ഥാനത്ത്.