ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ (Asian Games 2023) ഇന്ത്യയ്‌ക്ക് വീണ്ടും സ്വര്‍ണം. മിക്‌സഡ് ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യമാണ് സ്വര്‍ണം നേടിയത് (Rohan Bopanna and Rutuja Bhosale win Gold at Asian Games 2023). ഫൈനലിൽ ചൈനീസ് തായ്പേയുടെ സുങ് ഹാവോ ഹുവാങ്- എൻ ഷുവോ ലിയാങ് എന്നിവരെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. ഒമ്പതാം സീഡായ ചൈനീസ് തായ്പേയി താരങ്ങള്‍ക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം മത്സരം പിടിച്ചത്.
ആദ്യ സെറ്റ് നഷ്‌ടമായതിന് ശേഷം പിന്നില്‍ നിന്നും പൊരുതിക്കയറിയാണ് ഇന്ത്യന്‍ താരങ്ങള്‍ വിജയം ഉറപ്പിച്ചത്. ആദ്യ സെറ്റ് 2-6 എന്ന സ്‌കോറിന് സുങ് ഹാവോ ഹുവാങ്- എൻ ഷുവോ ലിയാങ് സഖ്യം സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ അതിശക്തമായി തിരികെ വന്ന ബൊപ്പണ്ണയും ഋതുജയും 6-3 എന്ന സ്‌കോറിന് ഒപ്പം പിടിച്ചു.
ഇതോടെ നിര്‍ണായമായ മൂന്നാം സെറ്റ് 10-4 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പം നിര്‍ത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ കന്നി ഫൈനലിനിറങ്ങിയ ഋതുജ ഭോസാലെ (Rutuja Bhosale) തുടക്കത്തില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടുവെങ്കിലും പിന്നീട് തന്‍റെ മികവിലേക്ക് ഉയര്‍ന്നതാണ് ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്. ഗെയിംസില്‍ താരത്തിന്‍റെ കന്നി സ്വര്‍ണമാണിത്.
എന്നാല്‍ വെറ്ററന്‍ താരം രോഹൻ ബൊപ്പണ്ണ (Rohan Bopanna) രണ്ടാം തവണയാണ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടുന്നത്. 2018-ലെ ജക്കാര്‍ത്ത ഗെയിംസില്‍ പുരുഷ ഡബിള്‍സില്‍ യുകി ഭാംബ്രിയുമായി ചേര്‍ന്നായിരുന്നു ബൊപ്പണ്ണ സ്വര്‍ണം നേടിയത്. എന്നാല്‍ ഇത്തവണ തങ്ങളുടെ നേട്ടം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിയാതെ വന്നു. ഹാങ്‌ചോയില്‍ രണ്ടാം റൗണ്ടിലാണ് യുകി ഭാംബ്രി-ബൊപ്പണ്ണ സഖ്യം വീണത്.
രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യത്തിന്‍റെ വിജയത്തോടെ, ഈ നൂറ്റാണ്ടിലെ ഏഷ്യൻ ഗെയിംസിന്‍റെ ആറ് പതിപ്പുകളിലും ടെന്നീസില്‍ ഓരോ സ്വര്‍ണമെങ്കിലും ഇന്ത്യ നിലനിർത്തി. ഏഷ്യന്‍ ഗെയിംസ് ടെന്നീസിന്‍റെ മിക്‌സ്‌ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്.
2006-ല്‍ ദോഹയിൽ ലിയാണ്ടർ പേസും സാനിയ മിർസയും ചേര്‍ന്നാണ് ഏഷ്യന്‍ ഗെയിസ് ടെന്നീസിന്‍റെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. തുടര്‍ന്ന് 2014 ഇഞ്ചിയോണിൽ സാകേത് മൈനേനിയ്‌ക്കൊപ്പം സാനിയ നേട്ടം ആവര്‍ത്തിച്ചിരുന്നു.
അതേസമയം ഹാങ്‌ചോയില്‍ ടെന്നീസില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം നേടിയത്. നേരത്തെ പുരുഷ ഡബിൾസിൽ രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യം വെള്ളി നേടിയിരുന്നു (Ramkumar Ramanathan and Saketh Myneni got the silver medal in Tennis men’s doubles). ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ജേസൺ ജങ്-യു ഹ്‌സിയൂ എന്നിവരോടായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി.