മ്യൂണിക് : പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയ്‌ക്കായുള്ള മത്സരം കടുക്കുന്നു. താരത്തെ സ്വന്തമാക്കാനുള്ള സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ നീക്കങ്ങള്‍ക്ക് വെല്ലുവിളിയായി ചെല്‍സിയും പിഎസ്‌ജിയും രംഗത്ത്. ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള ആഗ്രഹം ലെവന്‍ഡോവ്‌സ്‌കി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ 33കാരനായ പോളിഷ് താരത്തിനായി 70 മില്യണ്‍ യൂറോയാണ് ബയേണ്‍ ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. തുകയില്‍ മാറ്റം വരുത്താന്‍ ജര്‍മന്‍ ക്ലബ് തയ്യാറാവാത്തതാണ് ബാഴ്‌സയെ പിന്നിലാക്കുന്നത്. ഇന്‍റര്‍ മിലാനിലേക്ക് പോയ റൊമേലു ലുക്കാക്കുവിന് പകരമാണ് ചെല്‍സി പോളിഷ് താരത്തെ ലക്ഷ്യം വയ്‌ക്കുന്നത്. ചാമ്പ്യന്‍സ് ലീഗെന്ന സ്വപ്‌നത്തിന് മുതല്‍ക്കൂട്ടാവാനാണ് പിഎസ്‌ജി ലെവന്‍ഡോവ്‌സ്‌കിയെ ഒപ്പം കൂട്ടാന്‍ ശ്രമം നടത്തുന്നത്.
2023വരെ കരാറുള്ള ലെവന്‍ഡോവ്‌സ്‌കിയെ നിലനിര്‍ത്താന്‍ നേരത്തെ ബയേണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ലിവര്‍പൂളില്‍ നിന്ന് സാദിയോ മാനേയെത്തിയതോടെയാണ് താരത്തെ കൈമാറാമെന്ന നിലപാടിലേക്ക് ബയേണ്‍ മാറിയത്.
also read: കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി; പെരേര ഡയസും ടീം വിട്ടു
അതേസമയം ഈ ആഴ്‌ച തന്നെ ബയേണും ബാഴ്‌സയും തമ്മില്‍ ധാരണയിലെത്തുമെന്നാണ് ലെവന്‍ഡോവ്‌സ്‌കി ക്യാമ്പിന്‍റെ പ്രതീക്ഷ. ലെവന്‍ഡോവ്സ്‌കി ക്ഷമയോടെ കാത്തിരിക്കണമെന്ന് ബാഴ്‌സ പ്രസിഡന്‍റ് യുവാന്‍ ലപ്പോര്‍ട്ട നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2014ൽ ബൊറൂസിയ ഡോർട്‌മുണ്ടില്‍ നിന്നുമാണ് ലെവൻഡോവ്‌സ്‌കി ബയേണിലെത്തുന്നത്. ബുണ്ടസ് ലീഗയില്‍ 384 മത്സരങ്ങളിൽ 312 ഗോളുകളാണ് ലെവൻഡോവ്‌സ്‌കി അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ നേടിയ താരം തുടർച്ചയായ അഞ്ചാം സീസണിലും മൊത്തത്തിൽ ഏഴാം തവണയും ബുണ്ടസ് ലിഗയിലെ മുൻനിര സ്‌കോററായി.