ന്യൂഡല്‍ഹി : പാകിസ്ഥാൻ താരം അർഷാദ് നദീമുമായി ബന്ധപ്പെട്ട വിവാദത്തില്‍ നീരജ് ചോപ്രക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്‌രംഗ് പൂനിയ. കായിക രംഗത്തെ ഭിന്നിപ്പിന് ഉപയോഗിക്കരുതെന്ന് താരം പറഞ്ഞു.
'ഒരു കായിക താരം പാകിസ്ഥാനിൽ നിന്നോ, മറ്റേതെങ്കിലും രാജ്യത്ത് നിന്നോ ആണെങ്കിലും അവൻ പ്രതിനിധീകരിക്കുന്നത് തന്റെ രാജ്യത്തെയാണ്.
അയാള്‍ പാകിസ്ഥാനില്‍ നിന്നായതിനാല്‍ എന്തും പറയാമെന്നല്ല. അയാള്‍ ഒരു കായിക താരമാണ്. അദ്ദേഹത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണം'. ബജ്‌രംഗ് പൂനിയ പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോ ഫൈനലിനിടെ പാക് താരം അർഷാദ് നദീം തന്‍റെ ജാവലിന്‍ എടുത്തതായും അത് തിരിച്ചുവാങ്ങിയാണ് ആദ്യ ത്രോ എറിഞ്ഞതെന്നും ഒരു അഭിമുഖത്തിൽ നീരജ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇതിനെ വളച്ചൊടിച്ച്, പാക് താരം നീരജിന്‍റെ ജാവലിനില്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചെന്ന തരത്തില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയതിനെതിരെ നീരജ് രംഗത്തെത്തിയിരുന്നു.
also read: ബലാത്സംഗ പരാതി : മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡി റിമാന്‍ഡില്‍
വൃത്തികെട്ട അജണ്ടകൾക്കും സ്ഥാപിത താൽപര്യങ്ങൾക്കുമായി തന്‍റെ പേര് ഉപയോഗിക്കരുതെന്നായിരുന്നു ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലെ നീരജ് ചോപ്രയുടെ പ്രതികരണം.
'ഓരോ മത്സരാർഥിയും മത്സരങ്ങൾക്ക് മുൻപ് അവരുടെ ജാവലിനുകൾ ഒഫീഷ്യൽസിനെ ഏൽപ്പിക്കേണ്ടതുണ്ട്. ഈ ജാവലിൻ ഏത് മത്സരാർഥിക്കും ഉപയോഗിക്കാം.
ഇങ്ങനെയാണ് എന്‍റെ ജാവലിൻ ഉപയോഗിച്ച് പാക് താരം തയ്യാറെടുപ്പുകള്‍ നടത്തിയത്. എന്‍റെ അവസരം വന്നപ്പോൾ ജാവലിൻ ആവശ്യപ്പെട്ടു. അദ്ദേഹം അത് തിരികെ നൽകി’ - നീരജ് പറഞ്ഞു.