മാഡ്രിഡ് : അര്‍ജന്‍റൈന്‍ ചാമ്പ്യന്‍ കോച്ച് ലയണല്‍ സ്‌കലോണിയെ സ്വന്തമാക്കാന്‍ സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് (Real Madrid) ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. അര്‍ജന്‍റീന ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നുവെന്ന് ലയണല്‍ സ്‌കലോണി (Lionel Scaloni) സൂചന നല്‍കിയതിന് പിന്നാലെ തന്നെയാണ് റയല്‍ മാഡ്രിഡിന്‍റെ നീക്കം. ഇതുസംബന്ധിച്ച് 45-കാരനുമായി സ്‌പാനിഷ് ക്ലബ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് വിവരം.
നിലവിലെ സീസണോടെ കരാര്‍ അവസാനിക്കുന്ന ഇറ്റാലിയന്‍ കോച്ച് കാർലോ ആൻസലോട്ടിയുടെ പകരക്കാരനായാണ് റയല്‍ ലയണല്‍ സ്‌കലോണിക്ക് പുറകെ കൂടിയിരിക്കുന്നത് (Real Madrid in talks with Argentine head coach Lionel Scaloni) ഫിഫ ലോകകപ്പ് 2026 ലാറ്റിനമേരിക്കൻ യോഗ്യതാറൗണ്ടിൽ ബ്രസീലിനെതിരായ മത്സരത്തിന് (Brazil vs Argentina FIFA world cup 2026 qualifier match) ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു സ്‌കലോണി വിരമിക്കല്‍ സൂചന നല്‍കിയത്.
സ്‌കലോണിയുടെ വാക്കുകള്‍ ഇങ്ങനെ," ഇനി ഭാവിയില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഏറെ ചിന്തിക്കേണ്ടതായുണ്ട്. പരിശീലകനെന്ന നിലയിൽ നിറഞ്ഞ പിന്തുണയാണ് ഈ സംഘം നല്‍കിയത്. സാധ്യമായ എല്ലാ ഊർജ്ജവുമുള്ള ഒരു പരിശീലകനെ ഈ ടീമിന് ആവശ്യമുണ്ട്.
നിലവില്‍ എനിക്ക് ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇതൊരു വിടപറച്ചിലല്ല. എന്നാല്‍ എന്നെ സംബന്ധിച്ച് ഏറെ ചിന്തിക്കേണ്ടതായുണ്ട്. കളിയുടെ നിലവാരം ഏറെ ഉയരുകയാണ്. മുന്നോട്ടുപോവുന്നത് എന്നെ സംബന്ധിച്ച് ഏറെ സങ്കീർണമാണ്. കൂടാതെ എപ്പോഴും വിജയിക്കുക എന്നത് വളരെ പ്രയാസകരവും"- ലയണല്‍ സ്‌കലോണി ( Lionel Scaloni) വ്യക്തമാക്കി.
2022-ലെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ലയണല്‍ സ്‌കലോണി. ഫിഫ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള രാജ്യത്തിന്‍റെ 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പായിരുന്നു സ്‌കലോണിക്ക് കീഴില്‍ ഇറങ്ങിയ ലയണല്‍ മെസിയും സംഘവും ഖത്തറില്‍ അവസാനിപ്പിച്ചത്. 2018-ല്‍ പരിശീലകനായെത്തിയ സ്‌കലോണിക്ക് കീഴില്‍ കോപ്പ അമേരിക്ക, ഫൈനലിസിമ വിജയങ്ങളും നീലപ്പട സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം റയലുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം ബ്രസീൽ ദേശീയ ഫുട്‌ബോള്‍ ടീമിന് വേണ്ടിയാവും കാർലോ ആൻസലോട്ടി തന്ത്രങ്ങള്‍ മെനയുക. ഖത്തര്‍ ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ ടിറ്റെയ്‌ക്ക് പകരം സ്ഥിരം പരിശീലനെ ബ്രസീല്‍ നിയമിച്ചിട്ടില്ല. ഇടക്കാല പരിശീലകനായി ഫെർണാണ്ടോ ഡിനിസിന് കീഴിലാണ് നിലവില്‍ കാനറികള്‍ കളിക്കുന്നത്.
റയലുമായി ആൻസലോട്ടിയുടെ കരാര്‍ അവസാനിക്കുംവരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് നേരത്തേ തന്നെ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നു. 2024 ജൂൺ മുതലാവും 64-കാരനായ അന്‍സലോട്ടി ബ്രസീല്‍ പരിശീലകന്‍റെ കുപ്പായം അണിയുകയെന്നാണ് സൂചന.