മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് വിജയത്തുടക്കം. അല്‍മേരിയക്കെിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ജയം പിടിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു റയല്‍ തിരിച്ച് വന്നത്.
പകരക്കാരനായിയെത്തി ആദ്യ ടച്ചില്‍ തന്നെ ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച ഡേവിഡ് അലാബയാണ് റയലിന്‍റെ രക്ഷകനായത്. മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ തന്നെ റയലിനെ ഞെട്ടിച്ച് അല്‍മേരിയ മുന്നിലെത്തി. ലാര്‍ഗി റമസാനിയാണ് സംഘത്തിന് ലക്ഷ്യം കണ്ടത്. ആദ്യ പകുതി മുഴുവനും ഈ ലീഡ് നിലനിര്‍ത്താന്‍ അല്‍മേരിയയ്‌ക്ക് കഴിഞ്ഞു.
ഒരുഗോള്‍ കടവുമായി രണ്ടാം പകുതിക്കിറങ്ങിയ റയല്‍ 61-ാം മിനിട്ടിലാണ് ഒപ്പമെത്തിയത്. ലൂകാസ് വാസ്‌ക്വെസിന്‍റെ ഗോളിന് കരിം ബെന്‍സിമയാണ് വഴിയൊരുക്കിയത്. തുടര്‍ന്ന് 75ാം മിനിട്ടിലാണ് അലാബയുടെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്.
ബോക്‌സിന് പുറത്തുനിന്നുള്ള അലാബയുടെ ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിന്‍റെ വലത് മൂലയില്‍ പതിക്കുകയായിരുന്നു. ഫ്രീകിക്ക് തൊട്ടുമുമ്പ് ഫെർലാൻഡ് മെൻഡിയ്‌ക്ക് പകരക്കാരനായാണ് അലാബ മൈതാനത്തെത്തിയത്.
മത്സരത്തിന്‍റെ 68 ശതമാനവും പന്ത് കൈവശം വെച്ച റയല്‍ അല്‍മേരിയയുടെ ഗോള്‍ മുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ച് വിട്ടെങ്കിലും ഗോള്‍ കീപ്പര്‍ ഫെര്‍ണാഡോയുടെ മികവാണ് കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും തടഞ്ഞത്. 15 ഷോട്ടുകളാണ് റയല്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തത്.