റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ട് റയല്‍ മാഡ്രിഡ്. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ തകര്‍ത്താണ് റയലിന്‍റെ കിരീട നേട്ടം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ബില്‍ബാവോയെ കീഴടക്കിയത്.
മത്സരത്തിന്‍റെ ഇരുപകുതികളിലുമായാണ് റയലിന്‍റെ പട്ടികയിലെ ഗോളുകള്‍ പിറന്നത്. ലൂക്കാ മോഡ്രിച്ച്, കരിം ബെന്‍സിമ എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്.
കളിയുടെ 38ാം മിനിട്ടില്‍ മോഡ്രിച്ചിലൂടെയാണ് റയല്‍ ആദ്യ ഗോള്‍ കണ്ടെത്തിയത്. റോഡ്രിഗോയുടെ പാസിലാണ് മോഡ്രിച്ചിന്‍റെ ഗോള്‍ നേട്ടം. തുടര്‍ന്ന് 52ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ റയലിന്‍റെ രണ്ടാം ഗോളും പിറന്നു.
ബെന്‍സിമയുടെ ഷോട്ട് അല്‍വാരസിന്‍റെ കൈയില്‍ തട്ടിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ബെന്‍സിമ തന്നെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 87ാം മിനിട്ടില്‍ ബില്‍ബാവോയ്‌ക്ക് പെനാല്‍റ്റി ലഭിച്ചിരുന്നെങ്കിലും മുതലാക്കാനായില്ല.
also read: India Open 2022: പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ലക്ഷ്യ സെൻ
ഗോള്‍ ലൈനില്‍ എഡര്‍ മിലിറ്റാവോ ഹാന്‍ഡ് ബോള്‍ ചെയ്‌തതിന് ലഭിച്ച പെനാറ്റിയെടുത്ത റൗള്‍ ഗാര്‍ഷ്യയുടെ കിക്ക് റയല്‍ ഗോള്‍ കീപ്പര്‍ തിബോ കോര്‍ട്ടോസ് തടഞ്ഞിടുകയായിരുന്നു. ഈ ഫൗളിന ചുവപ്പ് ലഭിച്ച മിലിറ്റാവോ പുറത്താവുകയും ചെയ്‌തു.
വിജയത്തോടെ കഴിഞ്ഞ 18 മാസമായുള്ള കിരീട വരള്‍ച്ച അവസാനിപ്പിക്കാനും സംഘത്തിനായി. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയലിന്‍റെ 12ാം കിരീട നേട്ടമാണിത്. 13 കിരീടങ്ങളുള്ള ബാഴ്‌സലോണ മാത്രമാണ് റയലിന് മുന്നിലുള്ളത്.