ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനും പരിശീലകര്‍ക്കുമെതിരായി ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി ജന്ദര്‍ മന്ദറില്‍ സമരത്തിനിറങ്ങിയ ഗുസ്‌തി താരങ്ങള്‍ക്കും സാഗ്രെബ് ഓപ്പൺ ഗ്രാൻഡ് പ്രിക്സ് റാങ്കിങ് റസ്‌ലിങ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള 55 അംഗ സംഘത്തേയാണ് അയക്കുന്നത്. ഡല്‍ഹിയിലെ പ്രതിഷേധങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ബജ്രങ് പൂനിയ, വിനേഷ് ഫോഗട്ട്, രവി കുമാര്‍ ദാഹിയ, അന്‍ഷു മാലിക്, ദീപക് പൂനിയ എന്നിവരുള്‍പ്പെടുന്ന സംഘത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം രൂപീകരിച്ച ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേൽനോട്ട സമിതിയാണ് താരങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. ഫെബ്രുവരി 1 മുതല്‍ അഞ്ച് വരെയാണ് മത്സരങ്ങള്‍. 12 വനിത ഗുസ്‌തി താരങ്ങള്‍, 11 ഗ്രീക്കോ-റോമൻ ഗുസ്‌തി താരങ്ങള്‍, 13 പുരുഷ ഫ്രീസ്റ്റൈൽ ഗുസ്‌തി താരങ്ങള്‍ എന്നിവര്‍ മത്സരത്തിനുണ്ടാകുമെന്ന് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) പ്രസ്‌താവനയിലൂടെ അറിയിച്ചു.
താരങ്ങളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഫെഡറേഷന്‍റെ താത്കാലിക ചുമതല ബോക്‌സിങ് ഇതിഹാസം മേരി കോമിനു കീഴിലുള്ള പ്രത്യേക സമിതിക്കാണ് കൈമാറിയത്. മുന്‍ ഗുസ്‌തി താരം യോഗേശ്വര്‍ ദത്ത്, മുന്‍ ബാഡ്‌മിന്‍റണ്‍ താരം തൃപ്‌തി മുര്‍ഗുണ്ടെ, സായ് മുന്‍ എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ രാധിക ശ്രീമാന്‍, ടോപ്‌സ് സിഇഒ രാജഗോപാലൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
അതേസമയം ഗുസ്‌തി താരങ്ങളുടെ പെരുമാറ്റത്തിൽ സർക്കാർ അതൃപ്‌തരാണെന്നും ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കില്ലെന്നും കായിക മന്ത്രാലയ വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മേരി കോമിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ മേൽനോട്ട സമിതി ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യന്‍ പ്രസിഡന്‍റിനും പരിശീലകര്‍ക്കുമെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും സ്‌പോർട്‌സ് ബോഡിയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുമെന്നും കായിക മന്ത്രി അനുരാഗ് താക്കൂർ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ ശരൺ സിങിനും പരിശീലകര്‍ക്കുമെതിരെ ലൈംഗിക പീഡനാരോപണങ്ങളടക്കം ഉന്നയിച്ച് പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ സമരം നടത്തിയതിന് പിന്നാലെയായിരുന്നു ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചത്.
വിഷയത്തില്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്‍റ് പിടി ഉഷയ്‌ക്കും താരങ്ങള്‍ പരാതി നല്‍കിയിരുന്നു. ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, രവി ദഹിയ, ദീപക് പുനിയ എന്നിവരാണ് പരാതിയില്‍ ഒപ്പുവച്ചിരുന്നത്. ബ്രിജ് ഭൂഷൺ രാജിവയ്‌ക്കണമെന്നും ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. സര്‍ക്കാര്‍ ഇടപെടലുണ്ടായതോടെ ജനുവരി 18 ന് ജന്ദര്‍ മന്ദറില്‍ ആരംഭിച്ച സമരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് താരങ്ങള്‍ അവസാനിപ്പിച്ചത്.