ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് രഞ്ജി ട്രോഫി ക്രിക്കറ്റ് രണ്ട് ഘട്ടമായി നടത്താൻ തീരുമാനിച്ച് ബിസിസിഐ. ഐപിഎല്ലിന് മുൻപും ശേഷവുമായി മത്സരം നടത്താനാണ് ബിസിഐ തീരുമാനമെടുത്തിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ലീഗ് മത്സരങ്ങൾ ആദ്യ ഘട്ടത്തിലും നോക്കൗട്ട് മത്സരങ്ങൾ രണ്ടാം ഘട്ടത്തിലുമായി നടത്തും. ഫെബ്രുവരി രണ്ടാം വാരം രഞ്ജിയുടെ ആദ്യ ഘട്ട മത്സരങ്ങൾ ആരംഭിക്കും. ഐപിഎൽ ആരംഭിക്കുന്നതോടെ മത്സരങ്ങൾ മാറ്റി വെയ്‌ക്കും. ശേഷം ജൂണിൽ നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കും.
ALSO READ: Australian Open: 21-ാം ഗ്രാൻഡ് സ്ലാമിലേക്ക് നദാൽ; മാറ്റിയോ ബെരറ്റിനിയെ തകർത്ത് ഫൈനലിൽ
ജനുവരി 13നായിരുന്നു രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ രാജ്യത്തെ അതിതീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് മത്സരം മാറ്റിവെയ്‌ക്കുകയായിരുന്നു. കൊവിഡ് കാരണം കഴിഞ്ഞ വർഷവും രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തിയിരുന്നില്ല.