മ്യൂണിക്: ഇന്‍റർനാഷണൽ ഷൂട്ടിംഗ് സ്പോർട് ഫെഡറേഷന്‍ ലോകകപ്പിൽ ഇന്ത്യന്‍ ഷൂട്ടര്‍മാരായ രാഹി സര്‍ണോബത്തിനും സൗരഭ് ചൗധരിക്കും സ്വര്‍ണം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് രാഹിയുടെ സ്വര്‍ണ നേട്ടം. യുക്രൈന്‍ താരം ഒലേന കോസ്‌റ്റേവിച്ച് വെള്ളിയും ബള്‍ഗേറിയന്‍ താരം അന്‍റോണേറ്റ ബൊണേവ വെങ്കലവും സ്വന്തമാക്കി. സ്വര്‍ണ നേട്ടത്തോടെ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടാനും രാഹിക്ക് സാധിച്ചു. നേരത്തെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ രാഹിയുടെ രണ്ടാം ലോകകപ്പ് സ്വര്‍ണമാണിത്.
പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കൗമാരതാരം സൗരഭ് ചൗധരിക്കും സ്വർണം നേട്ടം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് സൗരഭിന്‍റെ മെഡൽ നേട്ടം. ഈ വര്‍ഷം നടന്ന മറ്റൊരു ലോകകപ്പിലും സൗരഭ് സ്വര്‍ണം നേടിയിരുന്നു. മ്യൂണിക്കില്‍ തന്‍റെ തന്നെ ലോക റെക്കോര്‍ഡ് തിരുത്തിക്കൊണ്ടാണ് പതിനേഴുകാരന്‍റെ സ്വര്‍ണ നേട്ടം. 245 പോയിന്‍റെന്ന ലോക റെക്കോര്‍ഡ് 246.3 ആയി സൗരഭ് തിരുത്തി. രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ആര്‍ട്ടെം ചെര്‍ണോസോവ് 243.8 പോയിന്‍റ് നേടിയപ്പോള്‍ മുന്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ചൈനയുടെ പാങ് വെയ് 220.7 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി.
മ്യൂണിക്കില്‍ മൂന്ന് സ്വര്‍ണവുമായി ഇന്ത്യയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ അപൂര്‍വി ചന്ദേലയും സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലായിരുന്നു അപൂര്‍വിയുടെ സ്വര്‍ണ നേട്ടം.