ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച സൗദി അറേബ്യന്‍ ടീമംഗങ്ങള്‍ക്ക് രാജകുടുംബം അത്യാഡംബര വാഹനമായ റോള്‍സ് റോയ്‌സ് സമ്മാനിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് പരിശീലകന്‍ ഹെര്‍വ് റെനാഡും സ്‌ട്രൈക്കര്‍ അല്‍ ഷെഹ്‌രിയും. വാര്‍ത്ത സത്യമല്ലെന്നാണ് ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഇരുവരും പ്രതികരിച്ചത്.
തങ്ങളുടെ രാജ്യത്തെ സേവിക്കാനും കഴിവിന്‍റെ പരമാവധി നല്‍കാനുമാണ് ലോകകപ്പിനെത്തിയതെന്ന് അല്‍ ഷെഹ്‌രി പറഞ്ഞു. തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ടീം കളിയെ കാര്യമായാണ് സമീപിക്കുന്നതെന്നും വൺ ഹിറ്റ് വണ്ടറല്ലെന്നുമാണ് ഹെര്‍വ് റെനാഡ് പ്രതികരിച്ചത്.
'ഞങ്ങള്‍ക്ക് ഗൗരവ സമീപനമുള്ള ഒരു ഫെഡറേഷനും കായിക മന്ത്രാലയവുമുണ്ട്. എന്തെങ്കിലും സ്വീകരിക്കാനുള്ള സമയമല്ലിത്' റെനാഡ് വ്യക്തമാക്കി. അര്‍ജന്‍റീനയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ ഖത്തറില്‍ നിന്നും മടങ്ങിയെത്തുന്ന താരങ്ങള്‍ക്ക് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് റോള്‍സ് റോയ്‌സ് ഫാന്‍റം സമ്മാനിക്കുമെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. വിവിധ അന്താരഷ്‌ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്‍റീനയെ ഗ്രീന്‍ ഫാല്‍ക്കണ്‍സ് അട്ടിമറിച്ചത്. അര്‍ജന്‍റീനയ്‌ക്കായി സൂപ്പര്‍ താരം ലയണല്‍ മെസി ഗോള്‍ നേടിയപ്പോള്‍ സലേ അൽഷെഹ്‌രി, സലീം അൽദസ്വാരി എന്നിവരിലൂടെയായിരുന്നു സൗദി മറുപടി നല്‍കിയത്.
Also read: സൗദിയിൽ ലോകകപ്പ് ലൈവ് സ്ട്രീമിങ്ങിന് നിരോധനം ; ഖത്തർ പ്ലാറ്റ്‌ഫോമിന് വിലക്ക്