ദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തിന് പിന്നാലെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മറിന് പരിക്കേറ്റത് ആരാധകര്‍ക്ക് ആശങ്കയാവുന്നു. സെര്‍ബിയന്‍ താരം നിക്കോള മിലെൻകോവിച്ചിന്‍റെ ടാക്ലിങ്ങിനിടെ നെയ്‌മറുടെ വലത് കണങ്കാലിനാണ് പരിക്കേറ്റത്. മികച്ച വിലയിരുത്തലിനായി അടുത്ത 48 മണിക്കൂര്‍ വരെ താരത്തിന് നിരീക്ഷണം വേണമെന്ന് ബ്രസീല്‍ ടീം ഡോക്‌ടര്‍ റോഡ്രിഗോ ലാസ്‌മർ പറഞ്ഞു.
കൂടുതല്‍ പരിശോധനയ്‌ക്ക് ശേഷമാവും നെയ്‌മറുടെ പരിക്ക് വിലയിരുത്തുകയെന്ന് ബ്രസീൽ പരിശീലകന്‍ ടിറ്റെ പ്രതികരിച്ചു. ടീമിന് ആവശ്യമുള്ളതിനാലാണ് പരിക്കേറ്റതിന് ശേഷവും നെയ്‌മര്‍ കളത്തില്‍ തുടര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരത്തിന്‍റെ 79-ാം മിനിറ്റിൽ താരത്തെ പിന്‍വലിച്ചിരുന്നു. ആന്‍റണിയാണ് പകരക്കാരനായെത്തിയത്. കളത്തിന് പുറത്തെത്തിയതിന് പിന്നാലെ നിരാശനായാണ് നെയ്‌മര്‍ ഡഗ് ഔട്ടിലിരുന്നത്. മത്സര ശേഷം സ്‌റ്റേഡിയത്തിൽ നിന്ന് ഇറങ്ങിയ നെയ്‌മർ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ വിസമ്മതിക്കുകയും ചെയ്‌തു.
അതേസമയം സെര്‍ബിയയ്‌ക്കെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയിച്ചത്. യുവ താരം റിച്ചാര്‍ലിസണിന്‍റെ ഇരട്ട ഗോളുകളാണ് കാനറികള്‍ക്ക് ജയമൊരുക്കിയത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് റിച്ചാര്‍ലിസണിന്‍റെ ഇരട്ട ഗോള്‍ നേട്ടം.
Also read: സെര്‍ബിയന്‍ പ്രതിരോധ പൂട്ട് പൊളിച്ച് ബ്രസീല്‍; റിച്ചാര്‍ലിസന്‍റെ ഇരട്ടഗോളില്‍ കാനറികള്‍ക്ക് വിജയം