ദോഹ: ഖത്തറില്‍ ലോകകപ്പ് കിരീടം തേടിയെത്തിയ ഇംഗ്ലണ്ട് നിരാശയോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ക്വാര്‍ട്ടറില്‍ ഫ്രാൻസിനോടേറ്റ തോല്‍വിയാണ് ത്രീ ലയണ്‍സിന് മടക്ക ടിക്കറ്റ് നല്‍കിയത്. എന്നാല്‍ ഖത്തറില്‍ നിന്നും അങ്ങനെ വെറു കയ്യോടെയല്ല അവരുടെ മടക്കം. കപ്പിന് പകരം ഒരു പൂച്ചക്കുട്ടിയാണെന്ന് മാത്രം.
ഇംഗ്ലീഷ് പ്രതിരോധ താരങ്ങളായ ജോൺ സ്റ്റോൺസും കൈൽ വാക്കറുമാണ് 'ഡേവ്' എന്ന് പേരിട്ട പൂച്ചക്കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നടപടികളെടുത്തത്. അൽ വക്രയിലെ ബേസ് ക്യാമ്പിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടെയാണ് 'ഡേവ്' ഇംഗ്ലീഷ് താരങ്ങളുമായി സൗഹൃദത്തിലായത്.
ഖത്തറിലെ നാലാഴ്ചത്തെ താമസത്തിനിടയിൽ എല്ലാ ദിവസവും ഇരുവരും ചേര്‍ന്ന് പൂച്ചയ്‌ക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഹോട്ടലിലെ മേശയിൽ എന്നും കാത്തിരിക്കാറുണ്ടായിരുന്ന പൂച്ചയുടെ വിവരങ്ങൾ ഇംഗ്ലണ്ട് ടീം നേരത്തെ പതിവായി പങ്കുവച്ചിരുന്നു. ഫ്രാൻസിനെതിരായ മത്സരത്തിന് മുന്നോടിയായി മറ്റൊരു പൂച്ചയുമായി ഡേവ് അടികൂടിയെന്നും എന്നാല്‍ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും കൈൽ വാക്കര്‍ പറഞ്ഞു.
ചിലര്‍ക്ക് പൂച്ചയെ ഇഷ്‌ടല്ലെങ്കിലും തനിക്ക് ഏറെ ഇഷ്‌ടമാണെന്നും കൈൽ വാക്കര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡേവിന് ഉടനടി ഇംഗ്ലണ്ടിലേക്ക് പറക്കാനാവില്ല. ഇതിനായി നാല് മാസത്തെ ക്വാറന്‍റൈന്‍ പൂച്ചയ്‌ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിലെത്തുന്ന പൂച്ചയെ വാക്കറോ സ്റ്റോൺസോ ദത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഖത്തര്‍ ലോകകപ്പിനിടെ ശ്രദ്ധ നേടുന്ന ആദ്യത്തെ പൂച്ചയല്ല ഡേവ്. നേരത്തെ, ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന്‍റെ വാര്‍ത്ത സമ്മേളനവും ഒരു വിരുതന്‍ തടസപ്പെടുത്തിയിരുന്നു. മാധ്യമപ്രവർത്തകര്‍ താരത്തോട് ചോദ്യം ചോദിക്കുന്നതിനിടെ പോഡിയത്തിൽ കയറി ഇരിപ്പുറപ്പിച്ച പൂച്ചയെ ബ്രസീൽ മീഡിയ മാനേജറാണ് താഴെയിറക്കിയത്.
Also read: 'ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദി' ; ക്രിസ്റ്റ്യാനോയെ നെഞ്ചോടുചേര്‍ത്ത് പെലെ