ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എവേ കിറ്റില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായി ബെല്‍ജിയം ടീം. കിറ്റിലെ 'ലവ്' എന്ന വാക്ക് നീക്കം ചെയ്യണമെന്നാണ് ഫിഫ ബെല്‍ജിയം ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'വണ്‍ ലവ്' ക്യാമ്പയിനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഫിഫയുടെ തീരുമാനത്തിന് പിന്നില്‍.
ടീമിന്‍റെ എവേ കിറ്റിന്‍റെ കോളറിലാണ് 'ലവ്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 'വണ്‍ ലവ്' ക്യാമ്പയിനുമായി ഇതിന് ബന്ധമില്ല. കിറ്റ് സ്‌പോണ്‍സര്‍മാരായ അഡിഡാസിന് 'ടുമാറോലാൻഡ്' എന്ന ഇലക്‌ട്രോണിക് സംഗീത ഉത്സവവുമായുള്ള ബന്ധത്തിന്‍റെ ഭാഗമായാണ് കിറ്റില്‍ 'ലവ്' എന്ന വാക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബെൽജിയം അവരുടെ എവേ കിറ്റ് അനാച്ഛാദനം ചെയ്തത്.
നവംബര്‍ 24ന് കാനഡയ്‌ക്കെതിരെയാണ് ബെല്‍ജിയത്തിന്‍റെ ആദ്യ മത്സരം. തുടര്‍ന്ന് 27ന് മൊറോക്കോയേയും ഡിസംബര്‍ ഒന്ന് ക്രോയേഷ്യയേയും ബെല്‍ജിയം നേരിടും. അതേസമയം ഖത്തര്‍ ലോകകപ്പില്‍ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഇംഗ്ലണ്ടും ജർമനിയുമടക്കമുള്ള ഏഴ് യൂറോപ്യൻ ടീമുകള്‍ പിന്മാറിയിരുന്നു. ഫിഫയുടെ അച്ചടക്ക നടപടി ഭീഷണിയെത്തുടർന്നാണ് പിന്മാറ്റം.
സ്വവര്‍ഗാനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു പ്ലസ് സമൂഹത്തിനെതിരായ ഖത്തര്‍ ഭരണകൂടത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് മഴവില്‍ വര്‍ണത്തില്‍ 'വണ്‍ ലൗ' എന്ന് എഴുതിയ ആംബാന്‍ഡ് ധരിക്കുമെന്ന് ചില യൂറോപ്യന്‍ ടീമുകള്‍ പ്രഖ്യാപിച്ചിരുന്നു.
ഇംഗ്ലണ്ടിനെയും ജർമനിയേയും കൂടാതെ വെയ്ല്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് ടീമുകളാണ് പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നത്. എന്നാല്‍ ഫിഫയുടെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്ന് അറിയിച്ച് ഏഴ് ടീമുകളും സംയുക്ത പ്രസ്‌താവനയിറക്കി. അംഗീകാരമില്ലാത്ത കിറ്റ് ധരിക്കുന്ന കളിക്കാർക്ക് മത്സരത്തിന്‍റെ തുടക്കം മുതല്‍ മഞ്ഞ കാർഡ് നല്‍കാമെന്നാണ് ഫിഫയുടെ നിയമം.