സൂറിച്ച് : ഖത്തർ ഫുട്‌ബോള്‍ ലോകകപ്പിന്‍റെ സമ്മാനത്തുക പുറത്തുവിട്ട് ആരാധകരെ ഞെട്ടിച്ച് ഫിഫ. ടൂര്‍ണമെന്‍റിന്‍റെ സമ്മാനത്തുകയായി ആകെ 440 മില്ല്യന്‍ ഡോളറാണ് (3,300 കോടിയിലേറെ രൂപ) ഫിഫ വകയിരുത്തിയിരിക്കുന്നത്. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകൾക്കും, മുന്നൊരുക്കത്തിനായി ഒന്നരമില്യൺ ഡോളര്‍ (11 കോടിയിലേറെ രൂപ) വീതമാണ് ഫിഫ നല്‍കുക.
ടൂര്‍ണമെന്‍റ് ജേതാക്കള്‍ക്ക് 42 മില്ല്യന്‍ ഡോളറാണ് ( 319 കോടി രൂപ) ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 227കോടി രൂപ (30 മില്ല്യന്‍ ഡോളര്‍), മൂന്നാം സ്ഥാനക്കാര്‍ക്ക് 205 കോടി രൂപ (27 മില്ല്യന്‍ ഡോളര്‍), നാലാം സ്ഥാനക്കാര്‍ക്ക് 189 കോടി രൂപ (25 മില്ല്യന്‍ ഡോളര്‍) എന്നിങ്ങനെയാണ് സമ്മാനം.
ക്വാർട്ടർ ഫൈനലിൽ പുറത്താവുന്ന ടീമുകൾക്ക് 129 കോടി രൂപ വീതവും പ്രീക്വാർട്ടറില്‍ പുറത്താവുന്നവർക്ക് 98 കോടി രൂപ വീതവും മറ്റ് ടീമുകൾക്ക് 68 കോടി രൂപ വീതവും സമ്മാനമായി ലഭിക്കും.
2018ലെ റഷ്യന്‍ ലോകകപ്പിലെ സമ്മാനത്തുകയേക്കാള്‍ 29 ശതമാനത്തിന്‍റെ വര്‍ധനവാണ് ഖത്തര്‍ ലോകകപ്പിലുണ്ടായിരിക്കുന്നത്. 2014ലെ ബ്രസീല്‍ ലോകകപ്പിലെ സമ്മാനത്തുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 80 ശതമാനം വര്‍ധനവും ഇത്തവണ ഫിഫ വരുത്തിയിട്ടുണ്ട്.
also read: ‘ഹയ്യാ ഹയ്യാ’ ; ഒന്നിക്കാന്‍ ആഹ്വാനം ചെയ്‌ത് ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം
അതേസമയം നവംബർ 21നാണ് ഖത്തര്‍ ലോക കപ്പിന് തുടക്കമാവുക. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും.