സുഞ്ചിയോൺ: ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും കിഡംബി ശ്രീകാന്തും കൊറിയൻ ഓപ്പൺ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിന്‍റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ സിന്ധു അമേരിക്കയുടെ ലോറൻ ലാമിനെ 21-15, 21-14 എന്ന സ്‌കോറിനാണ് തോൽപിച്ചത്. ശ്രീകാന്ത് മലേഷ്യയുടെ ഡാരൻ ലിയെ 22-20, 21-11 എന്ന സ്‌കോറിനാണ് മറികടന്നത്.
ആദ്യ റൗണ്ട് മത്സരത്തിൽ അമേരിക്കയുടെ ലോറൻ ലാമിനെയാണ് മൂന്നാം സീഡായ സിന്ധു മറികടന്നത്. 34 മിനിറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരം ജയം പിടിച്ചത്. രണ്ടാം റൗണ്ടിൽ ജപ്പാന്‍റെ അയാ ഒഹോരിയാണ് സിന്ധുവിന്‍റെ എതിരാളി.
മത്സരത്തിന്‍റെ ആദ്യ ബ്രേക്കിൽ സിന്ധു 11-6 ന്‍റെ ലീഡിലേക്ക് കുതിച്ചു. ഇടവളക്ക് ശേഷം ലാമി പോയിന്‍റ് നില 16-13 ൽ എത്തിച്ചെങ്കിലും മികച്ച പ്രകടനത്തിലൂടെ 21-15 സിന്ധു ആദ്യ സെറ്റ് നേടി. രണ്ടാം സെറ്റിൽ ലാമി പൊരുതി നോക്കിയെങ്കിലും സിന്ധുവിനെ മറികടക്കാനായില്ല. 15-14 നിൽക്കെ തുടർച്ചയായി ആറ് പോയിന്‍റുകൾ നേടിയ സിന്ധു സെറ്റും മത്സരവും സ്വന്തം പേരിലാക്കി.
ALSO READ: കൊറിയൻ ഓപ്പണ്‍: മലയാളി താരം എച്ച്‌എസ് പ്രണോയിക്ക് ഞെട്ടിക്കുന്ന തോല്‍വി
മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് 22-20, 21-11 എന്ന സ്കോറിനാണ് മലേഷ്യൻ താരം ഡാരൻ ലിയെ പരാജയപ്പെടുത്തിയത്. 40 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്തിന്‍റെ ജയം. 15-18ന് പിന്നിലായ ശ്രീകാന്ത് ശക്‌തമായ തിരിച്ചുവരവിലുടെയാണ് ആദ്യ ഗെയിം 22-20 ന് സ്വന്തമാക്കിയത്. രണ്ടാം ഗെയിം 21-11 ന് അനായാസം ശ്രീകാന്ത് സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ ഇസ്രയേലിന്‍റെ മിഷ സിൽബർമാനെയാണ് ഇന്ത്യൻ താരം നേരിടുക.
നേരത്തെ, ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിയായ എം.ആർ. അർജുൻ - ധ്രുവ് കപില സഖ്യം രണ്ടാം റൗണ്ടിലെത്തിയിരുന്നു. ദക്ഷിണ കൊറിയയുടെ ബാ ദാ കിം - ഹീ യങ് പാർക്ക് പിന്മാറിയതിനെ തുടർന്ന് വാക്കോവറിലുടെയാണ് രണ്ടാം റൗണ്ടിലെത്തിയത്.