പിടി ഉഷയുടെ പരിശീലകന്‍ ഒഎം മാധവന്‍ നമ്പ്യാരെ പദ്‌മശ്രീ നല്‍കി ആദരിച്ച് രാജ്യം. 1970ല്‍ കേരളാ സ്‌പോര്‍ട് കൗണ്‍സിലില്‍ പരിശീലകനായി ചേര്‍ന്ന മാധവന്‍ നമ്പ്യാര്‍ 1976ലാണ് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. ഇവിടെ വിദ്യാര്‍ത്ഥിനിയായിരുന്ന ഉഷയെ പരിശീലിപ്പിക്കാന്‍ മാധവന്‍ നമ്പ്യാര്‍ക്ക് അവസരം ലഭിച്ചു. പിന്നീട് ഉഷയുടെ വ്യക്തിഗത പരിശീലകനായി അദ്ദേഹം. 1980, 84, 88, 92, 96 വര്‍ഷങ്ങളിലെ ഒളിമ്പിക്‌സുകളിലും വവിധ വര്‍ഷങ്ങളിലെ മറ്റ് അന്താരാഷ്‌ട്ര ഗെയിംസുകളിലും മാധവന്‍ നമ്പ്യാരുട ശിക്ഷണത്തിലാണ് ഉഷ പൊന്നണിഞ്ഞത്. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നൂറിലധികം മെഡലുകള്‍ സ്വന്തമാക്കുമ്പോള്‍ മാധവന്‍ നമ്പ്യാര്‍ ഉഷക്കൊപ്പമുണ്ടായിരുന്നു.
അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമെന്നോണം 1986ല്‍ രാജ്യം ദ്രോണാചാര്യ അവാര്‍ഡ് നല്‍കി ആദരിച്ചു. ഉഷയുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമായി പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം തന്നെ അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോഴിതാ ഈ വൈകിയ വേളയില്‍ പദ്‌മശ്രീയും.
ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ സെക്കന്‍ഡിന്‍റെ 100ല്‍ ഒരു അംശത്തിന് പ്രിയ ശിഷ്യ പിടി ഉഷക്ക് മെഡല്‍ നഷ്‌ടമായതില്‍ മാത്രമേ മാധവന്‍ നമ്പ്യാര്‍ക്ക് ദുഖമുള്ളൂ. 1955ല്‍ വ്യോമസേനയില്‍ പ്രവേശിച്ച മാധവന്‍ നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് ദേശീയ മീറ്റുകളില്‍ മികവ് കാണിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് പാട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ ചേര്‍ന്ന് കോച്ചിങ് ലൈസന്‍സ് സമ്പാദിച്ചതും തുടര്‍ന്ന് രാജ്യത്തിന്‍റെ അഭിമാനമായി പിടി ഉഷയെ മാറ്റിയെടുക്കാനായതും.
ഗുരുവിന്‍റെ വഴിയേ ആണ് ഇപ്പോള്‍ ശിഷ്യയും. കോഴിക്കോട്ടെ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ നിന്ന് നിരവധി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവരാണ് ട്രാക്കിലും ഫീല്‍ഡിലുമായി കുതിപ്പ് നടത്താന്‍ ഒരുങ്ങുന്നത്. രാജ്യത്തിനായി ട്രാക്കില്‍ ഒരു ഒളിമ്പിക് മെഡലാണ് ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലൂടെ ലക്ഷ്യമിടുന്നത്.