ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഒളിമ്പ്യൻ പിടി ഉഷ. നാമനിർദേശ പത്രിക നൽകുന്ന വിവരം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരം അറിയിച്ചത്. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് ഉൾപ്പടെയുള്ള എക്‌സിക്യുട്ടീവ് കൗണ്‍സിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് തീരുമാനം.
'എന്‍റെ സഹ അത്‌ലറ്റുകളുടെയും ദേശീയ ഫെഡറേഷന്‍റെയും ഊഷ്‌മളമായ പിന്തുണയോടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഞാൻ നാമനിർദേശം നൽകുന്നു.' പിടി ഉഷ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു. ഈ വർഷം ജൂലൈയിൽ പിടി ഉഷയെ കേന്ദ്രസർക്കാർ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്‌തിരുന്നു.
നേരത്തെ ഏഷ്യന്‍ അത്ലറ്റിക്‌സ് ഫെഡറേഷന്‍റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവിയും ഉഷ വഹിച്ചിരുന്നു. അതേസമയം ഐഒഎയിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ കഴിഞ്ഞ ബുധനാഴ്‌ചയാണ് ആരംഭിച്ചത്. ഡിസംബര്‍ 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 25 മുതല്‍ 27 വരെ നേരിട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ പേര് പിന്‍വലിക്കാം. അതേസമയം വെള്ളിയാഴ്‌ച നടപടിക്രമങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ ആരും തന്നെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ ഉമേഷ് സിൻഹ പറഞ്ഞു.
രാജ്യത്തിന്‍റെ അഭിമാനം : 14 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ അത്‌ലറ്റാണ് പി ടി ഉഷ. 1984 ഒളിമ്പിക്‌സ് 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യയുടെ പയ്യോളി എക്‌സ്പ്രസ് ചരിത്രം സൃഷ്‌ടിച്ചിരുന്നു.
1982-ലും 1994-ലും ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമുൾപ്പടെ 11 മെഡലുകളും വാരിക്കൂട്ടിയ പിടി ഉഷ ഇന്ത്യൻ കായിക ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളാണ്.