ബേൺ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്‌ബോളറായി പിഎസ്‌ജി സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. സ്വിസ് റിസര്‍ച്ച് ഗ്രൂപ്പായ സിഐഇഎസ് ഫുട്‌ബോള്‍ ഒബ്‌സര്‍വേറ്ററിയാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള ഫുട്‌ബോളര്‍മാരുടെ പട്ടിക പുറത്ത് വിട്ടത്. റയല്‍ മാഡ്രിഡിന്‍റെ വിനിഷ്യസ് ജൂനിയര്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലന്‍ഡ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
205.6 മില്യണ്‍ യൂറോയാണ് (1,705 കോടി രൂപ) എംബാപ്പെയുടെ ട്രാന്‍സ്ഫര്‍ വാല്യു. വിനിഷ്യന്‍ ജൂനിയറിന് 185.3 മില്യണ്‍ യൂറോയും, എര്‍ലിങ് ഹാലന്‍ഡിന് 152.6 മില്യണ്‍ യൂറോയും ട്രാന്‍സ്ഫര്‍ വാല്യുവുണ്ട്. ബാഴ്‌സലോണയുടെ യുവതാരം പെഡ്രി (135.1 മില്യണ്‍ യൂറോ), ബൊറൂസിയ ഡോര്‍ട്‌മുണ്ടിന്‍റെ ജൂഡ് ബെല്ലിങ്ഹാം (133.7 മില്യണ്‍ യൂറോ) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
കളിക്കാരുടെ പ്രായം, പ്രകടനം, കരിയറിലെ പുരോഗതി, നിലവിലെ കരാർ കാലാവധി തുടങ്ങിയ സൂചകങ്ങള്‍ പരിഗണിച്ചാണ് സിഐഇഎസ് ട്രാന്‍സ്ഫര്‍ വാല്യു നിശ്ചയിക്കുന്നത്. പട്ടികയില്‍ ആദ്യ 100ല്‍ ഉള്‍പ്പെട്ട 41 കളിക്കാരും പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവരാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രുയ്‌നാണ് പട്ടികയിലെ ഏറ്റവും പ്രായം കൂടിയ താരം.
57.3 മില്യണ്‍ യൂറോയാണ് 30കാരനായ താരത്തിന്‍റെ ട്രാന്‍സ്ഫര്‍ വാല്യു. അതേസമയം നിലവിലെ ട്രാന്‍സ്ഫര്‍ റെക്കോഡ് പിഎസ്‌ജി സൂപ്പര്‍ സ്റ്റാര്‍ നെയ്‌മറുടെ പേരില്‍ തുടരുകയാണ്. 2017ല്‍ ബാഴ്‌സയില്‍ നിന്നും 222 മില്യണ്‍ യൂറോയ്ക്കാണ് (1,842 കോടി രൂപ) നെയ്‌മര്‍ പിഎസ്‌ജിയിലെത്തിയത്.