പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ പരിശീലക സ്ഥാനത്ത് നിന്നും മൗറീഷ്യോ പൊച്ചെറ്റീനോയെ പുറത്താക്കി. 18 മാസങ്ങള്‍ക്ക് മുന്നേ ടീമിന്‍റെ ചുമതലയേറ്റെടുത്ത പൊച്ചെറ്റീനോയ്‌ക്ക് കീഴില്‍ ഫ്രഞ്ച് ലീഗ് കിരീടം നേടാന്‍ പിഎസ്‌ജിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, നെയ്‌മര്‍ തുടങ്ങിയ ലോകോത്തര താരങ്ങളുണ്ടായിട്ടും ചാമ്പ്യന്‍സ് ലീഗ് നേടാനാകാത്തതാണ് അർജന്‍റൈൻ പരിശീലകന് തിരിച്ചടിയായത്.
പൊച്ചെറ്റീനോയുടെ സേവനങ്ങള്‍ക്ക് നന്ദി പറയുന്നതായി പിഎസ്‌ജി പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഫ്രഞ്ച് ലീഗില്‍ നൈസ് ക്ലബ്ബിന്‍റെ പരിശീലകനായ ക്രിസ്റ്റഫ് ഗാൾട്ടിയറെയാണ് പുതിയ പരിശീലകനായി പിഎസ്‌ജി നിയമിച്ചത്. ക്ലബിന്‍റെ ചുമതല ഏറ്റെടുക്കുന്നതില്‍ വളരെയധികം വികാരഭരിതനാണെന്ന് ഗാൾട്ടിയര്‍ പറഞ്ഞു.
പിഎസ്‌ജിയെ പരിശീലിപ്പിക്കുന്നതിന് സ്വയം തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ ക്രിസ്റ്റഫ് ഗാൾട്ടിയർ പരിശീലിപ്പിച്ച നൈസ് കോപെ ഡി ഫ്രാന്‍സ് ഫൈനലില്‍ പിഎസ്‌ജിയെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു. ഫ്രഞ്ച് ലീഗില്‍ നൈസിനെ അഞ്ചാം സ്ഥാനത്ത് എത്തിക്കാനും ഗാൾട്ടിയറിന് കഴിഞ്ഞിരുന്നു.
also read: കാമറൂണിയൻ താരം റിച്ചാർഡ് ടോവ ; ഗോകുലം കേരളയെ കളി പഠിപ്പിക്കാൻ പുതിയ പരിശീലകൻ
കിലിയന്‍ എംബാപ്പെയുമായുള്ള കരാര്‍ പുതുക്കിയതിന് ശേഷം വമ്പന്‍ മാറ്റങ്ങളാണ് പിഎസ്‌ജി വരുത്തുന്നത്. നേരത്തെ സ്‌പോര്‍ട്ടിങ് ഡയറക്‌ടറായിരുന്ന ലിയനാര്‍ഡോയെ ഒഴിവാക്കി ലൂയിസ് കാംപോസിനെ പിഎസ്‌ജി നിയമിച്ചിരുന്നു. അതേസമയം നേരത്തെ റയല്‍ മാഡ്രിഡിന്‍റെ മുന്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ പോച്ചെറ്റീനോയുടെ പകരക്കാരനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.