ലണ്ടന്‍: 2022 ഓഗസ്റ്റിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് എർലിങ് ഹാലൻഡ്. ലീഗിലെ അരങ്ങേറ്റ സീസണിന്‍റെ തുടക്കത്തില്‍ തന്നെ സിറ്റിക്കായുള്ള ഗോളടി മികവാണ് ഹാലൻഡിന് തുണയായത്. അവാര്‍ഡ് നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് സിറ്റി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ഹാലൻഡ് പറഞ്ഞു.
വോട്ട് ചെയ്ത എല്ലാവരോടും നന്ദിയുള്ളവനാണ്. സീസണില്‍ മികച്ച തുടക്കമാണ് ടീമിന് ലഭിച്ചത്. ഗോളുകള്‍ നേടി ടീമിന്‍റെ വിജയങ്ങളില്‍ എന്‍റെ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.
ടീമിനെ സഹായിക്കുന്നതും മത്സരത്തിന്‍റെ ഫലവുമാണ് പ്രധാനം. ടീമിനെ തുടർന്നും പിന്തുണയ്ക്കാനും തങ്ങളുടെ പ്രകടനങ്ങളാല്‍ ആരാധകരെ സന്തോഷിപ്പിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നു. സീസണിൽ തങ്ങളുടെ ശക്തമായ തുടക്കം തുടരാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
സിറ്റിക്കായുള്ള ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ഹാട്രിക്കടക്കം ഒമ്പത് ഗോളുകളാണ് 22കാരനായ ഹാലന്‍ഡ് അടിച്ച് കൂട്ടിയത്. ലീഗില്‍ ഇതേവരെ മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത തുടക്കമാണിത്. ഇതോടെ പ്രീമിയര്‍ ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന സെർജിയോ അഗ്യൂറോ, മിക്ക് ക്വിന്ന് എന്നിവരുടെ റെക്കോഡുകള്‍ തകര്‍ക്കാന്‍ ഹാലൻഡിന് കഴിഞ്ഞു.
എട്ട് ഗോളുകള്‍ വീതം നേടിയാണ് ഇരുവരും റെക്കോഡിട്ടിരുന്നത്. അതേസമയം 2020 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് അരങ്ങേറ്റമാസം തന്നെ ഒരു താരം പ്ലെയർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച് ബ്രൂണോ ഫെർണാണ്ടസായിരുന്നു അന്ന് പ്രസ്‌തുത പുരസ്‌കാരം നേടിയത്.