ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നാണം കെടുത്തി കുഞ്ഞൻമാരായ ബ്രെന്‍റ്‌ഫോര്‍ഡ്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബ്രെന്‍റ്‌ഫോര്‍ഡ് യുണൈറ്റഡിനെ തറപറ്റിച്ചത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്രിസ്റ്റ്യന്‍ എറിക്‌സണും ബ്രൂണോ ഫെര്‍ണ്ടാസുമെല്ലാം കളിത്തിലിറങ്ങിയിട്ടും ഒരു ഗോള്‍ പോലും മടക്കാന്‍ എറിക് ടെന്‍ഹാഗിന്‍റെ സംഘത്തിന് കഴിഞ്ഞില്ല.
ബ്രെന്‍റ്‌ഫോര്‍ഡിനായി ജോഷ് ഡിസില്‍വ, മത്തിയാസ് യെന്‍സണ്‍, ബെന്‍ മീ, ബ്രയാന്‍ എംബിയോമോ എന്നിവരാണ് വലകുലുക്കിയത്. മത്സരത്തിന്‍റെ ആദ്യ പകുതിക്കുള്ളിലാണ് സംഘം യുണൈറ്റഡിന്‍റെ വലനിറച്ചത്.f10ാം മിനിട്ടില്‍ ജോഷ് ഡാസില്‍വയാണ് ബ്രെന്‍റ്‌ഫോര്‍ഡിനായി ആദ്യം ലക്ഷ്യം കണ്ടത്. ഡിസില്‍വയുടെ ദുര്‍ബലമായ ഷോട്ട് പിടിക്കുന്നതില്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡിഹിയ വരുത്തിയ പിഴവ് ഗോളില്‍ കലാശിക്കുകയായിരുന്നു.
18ാം മിനിട്ടില്‍ മത്തിയാസ് യെന്‍സണിലൂടെ ബ്രെന്‍റ്‌ഫോര്‍ഡ് ലീഡുയര്‍ത്തി. ബോക്‌സിന് അകത്ത് നിന്നും പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ വരുത്തിയ പിഴവാണ് ഗോളിന് വഴിവെച്ചത്. പന്ത് പിടിച്ചെടുത്ത യെന്‍സണ്‍ അനായാസം വലകുലുക്കി.
30ാം മിനിട്ടില്‍ ബെന്‍ മീയിലൂടെയാണ് മൂന്നാം ഗോളിന്‍റെ പിറവി. കോര്‍ണര്‍ കിക്കിലൂടെയാണ് ഈ ഗോള്‍ വന്നത്. ബോക്‌സിലേക്കുയര്‍ന്നുവന്ന പന്ത് ഇവാന്‍ ടോണി മറിച്ച് നല്‍കിയപ്പോള്‍ തലകൊണ്ട് തട്ടിയിടേണ്ട ആവശ്യമേ മീയ്ക്ക് വന്നുള്ളൂ. തുടര്‍ന്ന് 35ാം മിനിട്ടില്‍ ബ്രയാന്‍ എംബിയോമുവിലൂടെയാണ് ബ്രെന്‍റ്‌ഫോര്‍ഡ് ഗോള്‍ പട്ടിക തികച്ചത്.
കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഈ ഗോള്‍ പിറന്നത്. ബോക്‌സിനകത്ത് നിന്ന് മൈതാന മധ്യത്തേക്ക് ലഭിച്ച പന്ത് ഇവാന്‍ ടോണി എംബിയോമുവിന് നീട്ടി നല്‍കി. യുണൈറ്റഡിന്‍റെ ബോക്‌സിന് പുറത്ത് പന്ത് ഓടിയെടുത്ത എംബിയോമു പോസ്റ്റിന്‍റെ ഇടത് വശത്തേക്ക് പന്ത് കയറ്റുമ്പോള്‍ ഡിഹിയ നിസഹായനായിരുന്നു. മത്സരത്തിന്‍റെ 67 ശതമാനവും പന്ത് കൈവശം വയ്‌ച്ചെങ്കിലും ബ്രെന്‍റ്‌ഫോര്‍ഡിനെ മെരുക്കാന്‍ യുണൈറ്റിന് കഴിഞ്ഞില്ല.
പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് യുണൈറ്റഡ് കീഴടങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബ്രൈട്ടണ്‍ 2-1ന് യുണൈറ്റഡിനെ തോല്‍പ്പിച്ചിരുന്നു. ഇതോടെ പോയിന്‍റ് ടേബിളില്‍ നിലവില്‍ അവസാന സ്ഥാനത്താണ് യുണൈറ്റഡ്.