ചെന്നൈ : ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്‍റായ എയർതിങ്സ് മാസ്റ്റേഴ്‌സില്‍ ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദ. ചെന്നൈ സ്വദേശികളായ രമേഷ്ബാബു- നാഗലക്ഷ്മി ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനാണ് ഈ 16 കാരന്‍.
ചേച്ചിയുടെ കാര്‍ട്ടൂണ്‍ ഭ്രമം വഴിത്തിരിവാകുന്നു
കാര്‍ട്ടൂണിന് അടിമപ്പെടുന്നതില്‍ നിന്ന് മൂത്ത മകള്‍ വൈശാലിയെ പിന്തിരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ബാങ്ക് ഉദ്യോഗസ്ഥനും പോളിയോ ബാധിതനുമായ രമേഷ്ബാബു ഇരുവര്‍ക്കും ചെസ് പരിചയപ്പെടുത്തുന്നത്. നേരത്തെ പല ശ്രമങ്ങളും രമേഷ്ബാബു നടത്തി നോക്കിയിരുന്നെങ്കിലും മകള്‍ വഴങ്ങിയിരുന്നില്ല.
ചെസ്സിനോട് താല്‍പര്യം കാണിച്ച വൈശാലി അനിയനേയും കൂടെ കൂട്ടി. എന്നാല്‍ വെറും നേരം പോക്കിനായിരുന്നില്ല പ്രജ്ഞാനന്ദ ചേച്ചിക്കൊപ്പം കൂടിയത്. കളിയുടെ സൂക്ഷ്മതകൾ വശപ്പെടുത്തിയ താരം തന്‍റെ 16ാം വയസില്‍ തന്നെ ലോക ചാമ്പ്യനെയടക്കം അട്ടിമറിച്ച് വരവറിയിച്ചിരിക്കുകയാണ്.
പ്രിയപ്പെട്ടവരുടെ പ്രഗ്ഗു ; 10ാം വയസില്‍ ഇന്‍റർനാഷണൽ മാസ്റ്റര്‍
കൂട്ടുകാരും അടുപ്പമുള്ളവരും പ്രഗ്ഗുവെന്ന ഓമനപ്പേരില്‍ വിളിക്കുന്ന താരം 2016ല്‍ 10 വയസും ഒമ്പത് മാസവും പ്രായമുള്ളപ്പോൾ തന്നെ ഇന്‍റർനാഷണൽ മാസ്റ്റര്‍ പട്ടം നേടിയിരുന്നു. തുടര്‍ന്ന് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം നിലവിലെ ലോക ചാമ്പ്യനായ നോർവീജിയക്കാരനെ കീഴടക്കിയ മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാവാനും പ്രജ്ഞാനന്ദയ്‌ക്കായി. നേരത്തെ ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദും, പി ഹരികൃഷ്ണയും മാത്രമാണ് കാള്‍സണെ കീഴടക്കിട്ടുള്ളത്.
മക്കളുടെ നേട്ടത്തില്‍ അഭിമാനിച്ച് അച്ഛനും അമ്മയും
ഇരുവരുടേയും നേട്ടത്തില്‍ അഭിമാനമുണ്ടെന്നാണ് മാതാപിതാക്കള്‍ക്ക് പറയാനുള്ളത്. അതിലും പ്രധാനമായി, ഇരുവരും ഗെയിം ആസ്വദിച്ച് കളിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നുവെന്ന് രമേഷ് ബാബു പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി കുട്ടികളെ അനുഗമിച്ച് അവര്‍ക്ക് വലിയ അളവില്‍ പ്രോത്‌സാഹനം നല്‍കുന്ന നാഗലക്ഷ്മിക്കാണ് മക്കളുടെ നേട്ടത്തില്‍ നിര്‍ണായക പങ്കുള്ളതെന്നും രമേഷ് ബാബു കൂട്ടിച്ചേര്‍ത്തു.
ചെസ്സിനപ്പുറം കോമഡി സിനിമകളും ക്രിക്കറ്റും
19കാരിയായ വൈശാലിയും നിലവില്‍ ഗ്രാന്‍ഡ് മാസ്റ്ററാണ്. ഒരു ടൂർണമെന്‍റ് വിജയിച്ചതിന് ശേഷമാണ് ചെസ്സില്‍ തനിക്ക് താല്‍പര്യം ജനിച്ചതെന്നും ഇതിന് പിന്നാലെയാണ് പ്രഗ്ഗു തന്നോടൊപ്പം കൂടിയതെന്നും വൈശാലി ഓര്‍ത്തെടുത്തു. ചെസ്സിനപ്പുറം കോമഡി സിനിമകളോടും ടേബിൾ ടെന്നിസിനോടും ക്രിക്കറ്റിനോടുമാണ് അനിയന് താല്‍പര്യം. ഒഴിവു സമയങ്ങളില്‍ തങ്ങളോടൊപ്പം ടെലിവിഷന്‍ പരിപാടികള്‍ ആസ്വദിക്കാനും കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കാനുമാണ് പ്രഗ്ഗുവിനിഷ്‌ടമെന്നും വൈശാലി കൂട്ടിച്ചേര്‍ത്തു.
12ാം വയസില്‍ ഗ്രാൻഡ്‌മാസ്റ്റർ
2018ലാണ് പ്രജ്ഞാനന്ദ ഗ്രാൻഡ്‌മാസ്റ്റർ പട്ടം നേടുന്നത്. തന്‍റെ 12ാം വയസിലായിരുന്ന താരത്തിന്‍റെ നേട്ടം. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമാവാനും, അക്കാലത്ത് ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാവാനും പ്രജ്ഞാനന്ദയ്‌ക്കായി. എക്കാലത്തെയും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാന്‍ഡ്‌മാസ്റ്റര്‍ കൂടിയാണ് പ്രജ്ഞാനന്ദ.
കാൾസണിനെതിരായ വിജയം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്
കൊവിഡ് പ്രതിസന്ധിയില്‍ ടൂർണമെന്‍റുകളിലുണ്ടായ നീണ്ട ഇടവേള താരത്തിന്‍റെ ആത്മവിശ്വാസത്തെ ചെറുതായി ബാധിച്ചിരുന്നുവെന്ന് പരിശീലകനായ ആർബി രമേഷ് പറഞ്ഞു. എന്നാല്‍ എയർതിങ്സ് മാസ്റ്റേഴ്‌സില്‍ കാള്‍സണെ തോല്‍പ്പിച്ചത് ആത്മവിശ്വാസം നല്‍കുന്നതാണെന്നും ഗ്രാന്‍ഡ്‌മാസ്റ്റര്‍ കൂടിയായ രമേഷ് കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ നെതർലാൻഡ്‌സിലെ വിജ്‌ക് ആൻ സീയിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് ഇവന്‍റിൽ രമേഷിന്‍റെ അഭാവത്തിലും പ്രജ്ഞാനന്ദ മികച്ച പ്രകടനം നടത്തിയിരുന്നു.
ആനന്ദിന്‍റെ ചിറകിന് കീഴില്‍
രമേഷിന് പുറമെ, ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്‍റെ വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയിലും പ്രജ്ഞാനന്ദ പരിശീലനം നടത്തുന്നുണ്ട്. ആനന്ദിന്‍റെ വലിയ ആരാധകന്‍ കൂടിയായ പ്രഗ്ഗുവിന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഗുണം ചെയ്യുമെന്ന് പരിശീലകനായ രമേഷ് പറഞ്ഞു.