'തുടർച്ചയായ വിജയങ്ങൾ മടുപ്പിക്കുന്നു. തനിക്ക് പോന്നൊരു എതിരാളി ഇപ്പോൾ നിലവിലില്ല. ഇതിനപ്പുറം ചെസ്സിൽ എന്തെങ്കിലും നേടാനുണ്ടന്ന് കരുതുന്നില്ല. അതിനാൽ അടുത്ത തവണ മുതൽ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നില്ല'. ലോക ചെസ് ഇതിഹാസം, അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സൻ കഴിഞ്ഞ വർഷം പറഞ്ഞ വാക്കുകളാണിത്. എന്നാൽ ഇപ്പോൾ താൻ പറഞ്ഞ വാക്കുകൾ തെറ്റായിപ്പോയി എന്നൊരു പക്ഷേ കാൾസന് തോന്നുന്നുണ്ടാവാം. കാരണം ആറ് മാസത്തിനിടെ തുടർച്ചയായി മൂന്ന് തവണയാണ് ഒരു 17 കാരൻ പയ്യനിൽ നിന്ന് ലോക ഒന്നാം നമ്പർ താരം തോൽവി വഴങ്ങിയത്.
രമേഷ്‌ബാബു പ്രഗ്നാനന്ദ... നെറ്റിയിൽ നീളത്തിലൊരു ഭസ്‌മക്കുറിയും മുന്നിലേക്ക് ചീകിയൊതുക്കിയ മുടിയുമായി ഒരു പാവം പയ്യൻ. പക്ഷേ ചെസ് ബോർഡിന് മുന്നിലെത്തിയാൽ അവൻ അടിമുടി മാറും. തന്‍റെ എതിരാളി എത്ര വലിയവനാണെങ്കിലും കൂർമ ബുദ്ധിയോടെ ഏകാഗ്രമായി അവൻ അവരെ നിലംപരിശാക്കും. മിയാമി വേദിയായ ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്‌ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലാണ് ഒടുവിലായി പ്രഗ്നാനന്ദയുടെ കുതിപ്പിന് മുന്നില്‍ നോര്‍വേയുടെ ഒന്നാം നമ്പർ താരം കാള്‍സന് കീഴടങ്ങേണ്ടി വന്നത്.
കാൾസനെ തകർത്ത്...: ചെസ് ചരിത്രത്തില്‍ മാഗ്നസ് കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്നാനന്ദ. വിശ്വനാഥന്‍ ആനന്ദും ഹരികൃഷ്‌ണനും മാത്രമേ മുമ്പ് കാള്‍സന്‍റെ നീക്കങ്ങൾക്ക് തടയിടാനായിട്ടുള്ളു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പായ എയർതിംഗ്‌സ് മാസ്റ്റേഴ്‌സിലായിരുന്നു പ്രഗ്നാനന്ദയോട് കാൾസന്‍ ആദ്യം പരാജയപ്പെട്ടത്.
വെറും 39 നീക്കങ്ങൾ കൊണ്ടായിരുന്നു കാൾസനെ പ്രഗ്‌നാനന്ദ അടിയറവ് പറയിച്ചത്. പിന്നാലെ മെയ് 20ന് ചെസബിൾ മാസ്‌റ്റേഴ്‌സ് ഓൺലൈൻ ടൂർണമെന്‍റിലും കാള്‍സനെ മലര്‍ത്തിയടിച്ച് പ്രഗ്നാനന്ദ ഏവരെയും ഞെട്ടിച്ചു. അന്ന് വിജയത്തിനരികിലെത്തിയതായിരുന്നു കാള്‍സന്‍. എന്നാൽ മത്സരത്തില്‍ കാള്‍സന്‍റെ ചെറിയൊരു പിഴവ് മുതലെടുത്ത് പ്രഗ്നാനന്ദ ജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യപാഠം ചേച്ചിയിൽ നിന്ന്: തമിഴ്‌നാട്ടിലെ പാഡിയിൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു പ്രഗ്നാനന്ദയുടെ ജനനം. പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബു ബാങ്ക് ജീവനക്കാരനാണ്. മാതാവ് നാഗലക്ഷ്‌മിയാണ് പ്രഗ്നാനന്ദയുടെ ശക്‌തി. സഹോദരി വൈശാലിയിൽ നിന്നാണ് പ്രഗ്നാനന്ദ ചെസിന്‍റെ ആദ്യ പാഠങ്ങൾ പഠിച്ചത്. നിരന്തരം ടിവി കാണുന്ന ശീലമുണ്ടായിരുന്നു വൈശാലിക്ക്. അതിൽ നിന്നൊരു മാറ്റം ഉണ്ടാകുന്നതിനായാണ് മകളെ അടുത്തുള്ള ചെസ് ക്ലാസിൽ ചേർക്കാൻ മാതാപിതാക്കാൾ തീരുമാനിച്ചത്.
ചേച്ചി ചെസ് കളിക്കുന്നത് കണ്ടാണ് പ്രഗ്നാനന്ദയും ഒപ്പം കൂടിയത്. പിന്നാലെ ചെസ് അവനൊരു ഹരമായി മാറി. ചെറുപ്രായത്തിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനങ്ങളുമായി കുഞ്ഞു പ്രഗ്നാനന്ദ പരിശീലകരെപ്പോലും ഞെട്ടിച്ചിരുന്നു. വിശ്വനാഥന്‍ ആനന്ദിന്‍റെ അക്കാദമിയിലൂടെയാണ് പ്രഗ്‌നാനന്ദ ചെസ് ലോകത്തേക്ക് എത്തിയത്. 2013 ല്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് വയസിന് താഴെയുള്ള വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചു കൊണ്ടായിരുന്നു പ്രഗ്നാനന്ദയുടെ തുടക്കം.
അപൂർവ നേട്ടങ്ങൾ: 2016 ല്‍ തന്‍റെ പത്താം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര ചെസ് ചാമ്പ്യന്‍ എന്ന നേട്ടം പ്രഗ്നാനന്ദയെ തേടിയെത്തി. 12-ാം വയസില്‍ റഷ്യന്‍ താരമായ സെര്‍ജേയ് കര്‍ജ്‌കിന്നിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന അപൂർവ നേട്ടവും പ്രഗ്നാനന്ദ സ്വന്തമാക്കി. ഓൺലൈൻ ടൂർണമെന്‍റുകളിലാണ് കൂടുതലായും പ്രഗ്നാനന്ദ വിജയങ്ങൾ നേടിയത്. 3000 റേറ്റിങ് പോയിന്‍റാണ് തന്‍റെ സ്വപ്‌നമെന്ന് ഒരിക്കല്‍ പ്രഗ്നാനന്ദ വ്യക്തമാക്കിയിരുന്നു.
അപൂർവ പ്രതിഭയാണ് പ്രഗ്നാനന്ദ. അവന്‍റെ മത്സരങ്ങൾ ആദ്യം കാണുമ്പോൾ തന്നെ ആത്മവിശ്വാസത്തോടെയുള്ള നീക്കങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അധികം വൈകാതെ ലോക ചെസ് കിരീടമണിയാനുള്ള കഴിവ് പ്രഗ്നാനന്ദയ്‌ക്കുണ്ട്. കാൾസനെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് പറഞ്ഞ വാക്കുകളാണിത്. അതെ ഓരോ മത്സരം കഴിയുമ്പോഴും ലോക ചെസിലെ ഇന്ത്യയുടെ ഭാവി തന്നിലാണെന്ന് തെളിയിക്കുകയാണ് പ്രഗ്നാനന്ദ.